ന്യൂയോർക്ക്: യുഎൻ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാനായി അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സിഖ്, ദാവൂദി ബോഹ്റ, കശ്മീരി പണ്ഡിറ്റ് സമുദായങ്ങളിൽ നിന്നുള്ള പ്രതിനിധികളെ സന്ദർശിച്ചു. മോദിയെ കടുവയെന്നും ഉരുക്ക് മനുഷ്യനെന്നുമാണ് സിഖ് സമൂഹത്തിന്റെ പ്രതിനിധികൾ വിശേഷിപ്പിച്ചത്.

കർതാർപൂർ ഇടനാഴി ഉൾപ്പെടെയുള്ള സർക്കാർ എടുത്ത പല നിർണായക തീരുമാനങ്ങൾക്കും അവർ പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു.

Read More: ‘ഹൗഡി മോദി’: ചരിത്രത്തിന് സാക്ഷ്യം വഹിക്കാൻ അരലക്ഷം പേർ, മോദിക്കും ട്രംപിനുമായി ഹൂസ്റ്റൺ ഒരുങ്ങി

1984 ലെ സിഖ് കലാപം, ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25, ആനന്ദ് വിവാഹ നിയമം, വിസ, അഭയാർഥികളുടെ പാസ്‌പോർട്ട് പുതുക്കൽ എന്നിവയുമായി ബന്ധപ്പെട്ട ദീർഘകാല പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് അവർ പ്രധാനമന്ത്രിക്ക് മെമ്മോറാണ്ടം സമർപ്പിച്ചു.

“സിഖ് മതം ഒരു പ്രത്യേക മതമായി കണക്കാക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് മെമ്മോറാണ്ടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങൾ മോദിജിക്കൊപ്പമാണ്. അദ്ദേഹം ഞങ്ങളുടെ കടുവയാണ്, ഉരുക്ക് മനുഷ്യൻ എന്ന് ഞങ്ങൾ വിളിക്കുന്ന ആളാണ് അദ്ദേഹം. സിഖുകാർ എല്ലായ്‌പ്പോഴും ഇന്ത്യയ്ക്ക് വേണ്ടി നിലകൊള്ളുന്നതുപോലെ ഞങ്ങൾ അദ്ദേഹത്തോടൊപ്പം നിൽക്കുന്നു,” സിഖ് പ്രതിനിധി സംഘത്തെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

ഹൂസ്റ്റനില്‍ കശ്മീരി പണ്ഡിറ്റുകളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഒഴാഴ്ചത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനായി ഹൂസ്റ്റനില്‍ എത്തിയതായിരുന്നു പ്രധാനമന്ത്രി. കശ്മീരിലെ നിര്‍ണായക തീരുമാനത്തിന് സംഘം പ്രധാനമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ചു.

ഹൗഡി മോദി പരിപാടിയില്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പങ്കെടുക്കും.അമേരിക്കയിലെ ഇന്ത്യക്കാര്‍ ഒരുക്കുന്ന പരിപാടിയില്‍ ആദ്യമായാണ് യുഎസ് പ്രസിഡന്‍റ് പങ്കെടുക്കുന്നത്.

അമേരിക്കയിലെ ഇന്ത്യൻ സമൂഹമായ ടെക്സാസ് ഇന്ത്യൻ ഫോറമാണ് ഹൂസ്റ്റണിൽ പരിപാടി സംഘടിപ്പിക്കുന്നത്. ഹൂസ്റ്റണിലെ എൻആര്‍ജി സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ 50,000 ൽ കൂടുതൽ ആളുകള്‍ പങ്കെടുക്കുമെന്നാണ് വിലയിരുത്തൽ. 1500 ലധികം വളണ്ടിയര്‍മാര്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്.

സെപ്റ്റംബര്‍ 24 നാണ് നരേന്ദ്ര മോദി-ഡൊണാള്‍ഡ് ട്രംപ് നിര്‍ണായക കൂടിക്കാഴ്ച. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ നരേന്ദ്ര മോദി പങ്കെടുത്ത് സംസാരിക്കും. കശ്മീര്‍ വിഷയം യുഎന്നില്‍ ഉന്നയിക്കില്ലെന്നാണ് ഇന്ത്യയുടെ തീരുമാനം. ഇരുപത്തിയേഴിനാണ് ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയിൽ പ്രധാനമന്ത്രി സംസാരിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook