ബെംഗളൂരു: ബിജെപിയുടെ ആദ്യ സ്ഥാനാർഥി പട്ടിക പുറത്തുവന്നപ്പോൾ കൂടുതലായും യുവാക്കളുടെ പേരുകളാണുള്ളത്. നിരവധി മുതിർന്ന നേതാക്കൾ പട്ടികയിൽനിന്നു പുറത്താവുകയോ അതല്ലെങ്കിൽ രണ്ടാമത്തെ സ്ഥാനാർഥി പട്ടികയിൽ ഇടം ലഭിക്കുമോയെന്നറിയാനുള്ള കാത്തിരിപ്പിലാണ്. സംസ്ഥാന ബിജെപി നേതൃനിരയിൽ മാറ്റം വരുമെന്നതിന്റെ സൂചനയാണിത്.
പുതുമുഖങ്ങൾക്ക് അവസരം നൽകാനായി ഒമ്പത് സിറ്റിങ് എംഎൽഎമാരോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ തീരുമാനം അവരിൽ ചിലരെയെങ്കിലും അസന്തുഷ്ടരാക്കിയിട്ടുണ്ട്. മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ, മുൻ ഉപമുഖ്യമന്ത്രി കെ.എസ്.ഈശ്വരപ്പ, മുൻ മന്ത്രി എസ്.അങ്കാര തുടങ്ങിയ നേതാക്കൾ ഈ പട്ടികയിലുണ്ട്. മുതിർന്ന മന്ത്രിമാരായ ആർ.അശോകനെയും വി.സോമണ്ണയെയും രണ്ട് മണ്ഡലങ്ങളിൽ വീതം മത്സരിപ്പിക്കാനുള്ള തീരുമാനം ഈ നേതാക്കൾക്ക് സംസ്ഥാന ബിജെപിക്ക് തങ്ങളിലുള്ള വിശ്വാസവും തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള അവസരമായാണ് വിലയിരുത്തപ്പെടുന്നത്.
ഉഡുപ്പിയിൽനിന്നുള്ള രഘുപതി ഭട്ട്, സഞ്ജീവ് മദൻണ്ടൂർ, കുണ്ടപ്പൂരിൽനിന്നുള്ള ഹലാദി ശ്രീനിവാസ് ഷെട്ടി, കാപ്പുവിൽനിന്നുള്ള ലാലാജി മെണ്ടൻ, ഹോസദുർഗയിൽനിന്നുള്ള ഗൂലിഹാട്ടി ശേഖർ, ശിരാഹട്ടിയിൽനിന്നുള്ള രാമണ്ണ ലമാനി, ബലാഗവി ഉത്തറിൽനിന്നുള്ള അനിൽ ബെനകെ, റാംദുർഗിൽനിന്നുള്ള യാദവ് ശിവലിംഗപ്പ എന്നിവരാണ് സീറ്റ് നഷ്ടപ്പെട്ട സിറ്റിങ് എംഎൽഎമാർ.
മുതിർന്ന നേതാവ് അരവിന്ദ് ലിംബാവലി മൂന്ന് തവണ പ്രതിനിധീകരിച്ച മഹാദേവപുര മണ്ഡലം, നിലവിൽ മുൻ മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി എസ്.എ.രാംദാസ് പ്രതിനിധീകരിക്കുന്ന മൈസൂർ സിറ്റി ജില്ലയിലെ കൃഷ്ണരാജ, സിറ്റിങ് എംഎൽഎ എംപി കുമാരസ്വാമിയുടെ സ്ഥാനാർഥിത്വത്തെ ഒരു വിഭാഗം പാർട്ടി പ്രവർത്തകർ എതിർത്ത ചിക്കമംഗളൂരു ജില്ലയിലെ മുദിഗെരെ എന്നിവിടങ്ങളിലേക്കും ആർക്കും ടിക്കറ്റ് നൽകിയിട്ടില്ല. ഈ രാഷ്ട്രീയ നേതാക്കളുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് ഇത് ആശങ്ക ഉയർത്തുന്നുണ്ട്.
ആദ്യ സ്ഥാനാർഥി പട്ടികയിൽ 118 സിറ്റിങ് എംഎൽഎമാരിൽ 90 പേർക്ക് മാത്രമാണ് സീറ്റ് നൽകിയത്. ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർഥികളുണ്ടെങ്കിലും മാടൽ വിരൂപാക്ഷപ്പ, നെഹ്‌റു ഒലേക്കർ എന്നിവരെ പോലുള്ള അഴിമതിയാരോപണം നേരിടുന്ന മുതിർന്ന നേതാക്കളെ രണ്ടാം പട്ടികയിൽ ഉൾപ്പെടുത്താൻ സാധ്യതയില്ല.
ബിജെപി പാർലമെന്ററി ബോർഡ് അംഗം ബി.എസ് .യെദ്യൂരപ്പ ഇത്തവണ മത്സരിക്കുന്നില്ലെന്ന് തീരുമാനിക്കുകയും മകൻ ബി.വൈ.വിജയേന്ദ്രയ്ക്ക് വേണ്ടി ശിക്കാരിപുര സീറ്റ് ഒഴിയുകയും ചെയ്തു, വിജയനഗർ സീറ്റ് മകൻ സിദ്ധാർത്ഥ് സിങ്ങിനുവേണ്ടി മുൻ മന്ത്രി ആനന്ദ് സിങ് നൽകിയിട്ടുണ്ട്.