ന്യൂഡൽഹി: സത്യപ്രതിജ്ഞാ ചടങ്ങിന് പാക്കിസ്ഥാനിലെത്തിയ പഞ്ചാബ് മന്ത്രി നവ്ജ്യോത് സിങ് സിദ്ധുവിനെ വിമര്‍ശിച്ചതിനെതിരെ പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. കർതാപൂർ ഇടനാഴിയുടെ തറക്കല്ലിടൽ ചടങ്ങിൽ സംബന്ധിക്കുമ്പോഴാണ് ഇംറാൻ സിദ്ധുവിനെ അനുകൂലിച്ച് പ്രസ്താവന നടത്തിയത്. ‘എന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സിദ്ധു പങ്കെടുത്തതിന് വിമര്‍ശനങ്ങള്‍ കേട്ടതായി അറിഞ്ഞു. എന്തിനാണ് അദ്ദേഹം വിമര്‍ശിക്കപ്പെട്ടതെന്ന് അറിയില്ല. അദ്ദേഹം സമാധാനത്തിനും സാഹോദര്യത്തിനും വേണ്ടിയാണ് നിലകൊണ്ടത്. പാക്കിസ്ഥാനിലെ പഞ്ചാബില്‍ അദ്ദേഹം മത്സരിക്കുകയാണെങ്കില്‍ അദ്ദേഹം വിജയിക്കും,’ ഇമ്രാന്‍ പറഞ്ഞു.
ഇന്ത്യയുമായി സംസ്കാര സമ്പന്നമായ പരസ്പര ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘ഇന്ത്യയിലൂടെ യാത്ര ചെയ്യുമ്പോൾ പാക് സൈന്യത്തിന് സമാധാനത്തിന് താൽപര്യമില്ലെന്ന് ജനങ്ങൾ പറയാറുണ്ട്. പക്ഷേ പ്രധാനമന്ത്രിയായ ഞാൻ പറയുന്നു പാകിസ്താനിലെ ഭരണകക്ഷിക്കും മറ്റ് പാർട്ടികൾക്കും സൈന്യത്തിനും ഇന്ത്യയുമായുള്ള ബന്ധം സംബന്ധിച്ച് ഒരു നിലപാടാണ് ഉള്ളത്. ഇന്ത്യയുമായി സംസ്കാര സമ്പന്നമായ പരസ്പര ബന്ധമാണ് പാകിസ്താൻ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 70 വർഷമായി ഇന്ത്യയും പാകിസ്താനും പരസ്പരം കലഹിക്കുകയാണ്. ഇന്ത്യ പാകിസ്താനെതിരെ വിരൽ ചൂണ്ടുേമ്പാൾ പാകിസ്താൻ തിരിച്ചും അതുതന്നെ ആവർത്തിക്കുന്നു. പരസ്പരം കുറ്റപ്പെടുത്തി എത്രനാൾ ഇങ്ങനെ മുന്നോട്ട് പോകാനാവുമെന്നും ഇംറാൻ ചോദിച്ചു. കശ്മീർ മാത്രമാണ് ഇരുരാജ്യങ്ങൾക്കുമിടയിലെ പ്രധാന പ്രശ്നം. ചർച്ചയിലുടെ ഇത് പരിഹരിക്കണമെന്നും ഇംറാൻ ആവശ്യപ്പെട്ടു.