അമൃത്സർ: സിദ്ധു മൂസെവാല വധക്കേസിൽ പഞ്ചാബ് പോലീസ് ചൊവ്വാഴ്ച ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. മൻപ്രീത് എന്നയാളാണ് അറസ്റ്റിലായത്. പ്രതിയെ അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
സംഗീത ലോകത്തെയാകെ ഞെട്ടിച്ച കൊലപാതകം നടന്ന് 24 മണിക്കൂറിനുള്ളിലാണ് അറസ്റ്റ്. തിങ്കളാഴ്ച ഡെറാഡൂണിൽ നിന്ന് കസ്റ്റഡിയിലെടുത്ത ആറ് പേരിൽ മൻപ്രീതും ഉൾപ്പെടുന്നു.
പഞ്ചാബിലെ ഫരീദ്‌കോട്ട് ജില്ലക്കാരനാണ് മൻപ്രീത്. ഇയാൾ അക്രമികൾക്ക് പിന്തുണ നൽകിയെങ്കിലും അക്രമികളുടെ കൂട്ടത്തിലില്ലായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. മൻപ്രീതിൽ നിന്ന് അക്രമികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് പോലീസ് പ്രതീക്ഷിക്കുന്നു.
മാനസ കോടതിയിൽ ഹാജരാക്കിയ ഇയാളെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. മൻപ്രീതിന്റെ അറസ്റ്റോടെ അക്രമ സംഘത്തിലുള്ളവരെ ഇതുവരെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ലെന്ന് സ്ഥിരീകരിച്ചു.