ഛണ്ഡീഗഡ്: മുന്‍ ക്രിക്കറ്റ് താരവും അമരീന്ദര്‍ സിങ് മന്ത്രിസഭയിലെ മന്ത്രിയുമായ നവ്‌ജ്യോത്‌ സിങ് സിദ്ദു പ്രതിയായ കൊലക്കേസ് സുപ്രീം കോടതി തീര്‍പ്പാക്കി. കൊലക്കേസില്‍ സിദ്ദുവിനെ വെറുതെ വിട്ട കോടതി കൊല്ലപ്പെട്ട വ്യക്തിയെ മുറിവേല്‍പ്പിച്ചതിന് 1000 രൂപ പിഴ വിധിച്ചു. ഐപിസി 323 പ്രകാരം മനഃപൂര്‍വ്വമായി മുറിവേല്‍പ്പിച്ചതിനാണ് കുറ്റം ചുമത്തിയത്.

റോഡിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 65 വയസുകാരനായ ഗുര്‍നാം സിങ് കൊല്ലപ്പെട്ട കേസാണ് സുപ്രീം കോടതി പരിഗണിച്ചത്. ജസ്റ്റിസുമാരായ ജെ.ചെലമേശ്വര്‍, സഞ്ജയ് കെ.കൗള്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.

1988-ലാണ് കേസിനാസ്‌പദമായ സംഭവം. സിദ്ദുവും സുഹൃത്ത് രൂപീന്ദര്‍ സിങ് സന്ധുവും ജിപ്സി എസ്‌യുവി കാര്‍ റെയില്‍വെ ക്രോസിനടുത്ത് പാര്‍ക്ക് ചെയ്ത് അതിനുള്ളില്‍ ഇരിക്കുകയായിരുന്നു. ഇതിനിടെ അതുവഴി വന്ന മറ്റൊരു കാറിലുണ്ടായിരുന്നയാള്‍ തന്റെ വാഹനത്തിന് പോകാനായി ഇവരോട് വണ്ടി മാറ്റിക്കൊടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഇതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സിദ്ദുവും സുഹൃത്തും ഇയാളെ മര്‍ദ്ദിച്ചു. എന്നാല്‍ മര്‍ദ്ദനമേറ്റയാളെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണപ്പെടുകയായിരുന്നു. മനഃപൂര്‍വ്വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി സിദ്ദുവിനെ മൂന്നു വര്‍ഷം തടവിന് വിധിച്ചിരുന്നുവെങ്കിലും സിദ്ദു സുപ്രീം കോടതിയെ സമീപിച്ച് വിധിയില്‍ സ്റ്റേ വാങ്ങുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ