ഹൈദരാബാദ്: സോഷ്യല്‍ മീഡിയയിലൂടെ തന്റെ നിലപാടുകള്‍ തുറന്ന് പറയുന്നതില്‍ യാതൊരു മടിയും കാണിക്കാത്ത താരമാണ് സിദ്ധാര്‍ത്ഥ്. തെന്നിന്ത്യന്‍ താരത്തിന്റെ സംഘപരിവാറിനും ബിജെപി നേതൃത്വത്തിനും എതിരെയായ പ്രസ്താവനകള്‍ വിവാദങ്ങളിലേക്കും വഴിയൊരുക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം ബോളിവുഡ് താരം അക്ഷയ് കുമാറും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ നടത്തിയ അഭിമുഖത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിദ്ധാര്‍ത്ഥ് ഇപ്പോള്‍.
നരേന്ദ്രമോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പലവട്ടം രംഗത്തെത്തിയിട്ടുള്ള സിദ്ധാര്‍ത്ഥ് തന്റെ ട്വീറ്റില്‍ ഡൊണാള്‍ഡ് ട്രംപിനുള്ള സന്ദേശമായാണ് മോദിയേയും അഭിമുഖത്തേയും പരിഹസിക്കുന്നത്. ട്രംപിന് വീണ്ടും അധികാരത്തിലെത്തണമെങ്കില്‍ തനിക്കൊപ്പം ഒരു ഇന്റര്‍വ്യു നടത്തിയാല്‍ മതിയെന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്.
Hey @realDonaldTrump since you're getting ready to be re-elected soon, might I suggest an interview with me during your elections? I have crucial questions about how you eat fruit, your sleep and work habits and also your cute personality. I have an Indian passport. DM me please.
— Siddharth (@Actor_Siddharth) May 3, 2019
രാഷ്ട്രീയം പറയാത്ത അഭിമുഖത്തില്‍ താന്‍ ട്രംപിന്റെ ഉറക്കത്തെ കുറിച്ചും ഹോബിയെ കുറിച്ചും വ്യക്തിത്വത്തെ കുറിച്ചുമെല്ലാം ചോദിക്കാമെന്നും സിദ്ധാര്‍ത്ഥ് ട്രംപിനോടെന്ന തരത്തില്‍ എഴുതിയിരിക്കുന്ന ട്വീറ്റില്‍ പറയുന്നു.
”ട്രംപ്, നിങ്ങള്‍ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറെടുക്കുകയാണല്ലോ. നിങ്ങളുടെ തിരഞ്ഞെടുപ്പ് സമയത്ത് എനിക്കൊരു അഭിമുഖം തരണം. നിങ്ങള്‍ എങ്ങനെയാണ് പഴം കഴിക്കുന്നത്? നിങ്ങളുടെ ഉറക്കം എങ്ങനെയാണ്? എന്നൊക്കെയുള്ള നിര്‍ണായക ചോദ്യങ്ങള്‍ എന്റെ പക്കലുണ്ട്. എനിക്കൊരു ഇന്ത്യന്‍ പാസ് പോര്‍ട്ടുമുണ്ട്” എന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്.
തനിക്കൊരു ഇന്ത്യന്‍ പാസ് പോര്ട്ടുണ്ടെന്ന സിദ്ധാര്‍ത്ഥിന്റെ വാക്കുകള്‍ അക്ഷയ് കുമാറിനെ ഉന്നം വച്ചുള്ളതായിരുന്നു. അക്ഷയ് കുമാറിന്റെ കനേഡിയന്‍ പൗരത്വം സംബന്ധിച്ച വിവാദം കൊഴുക്കുമ്പോളാണ് താരത്തിന്റെ ട്വീറ്റ് എന്നത് ശ്രദ്ധേയമാണ്.
#akshaykumar is very underrated as a villain.
— Siddharth (@Actor_Siddharth) April 24, 2019
നേരത്തെ അക്ഷയ് കുമാറും മോദിയും തമ്മിലുള്ള അഭിമുഖം പുറത്ത് വന്നപ്പോഴും സിദ്ധാര്‍ത്ഥ് പരിഹാസവുമായി രംഗത്തെത്തിയിരുന്നു. വില്ലനെന്ന നിലയില്‍ അക്ഷയ് കുമാര്‍ വളരെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യപ്പെട്ടയാളാണെന്നായിരുന്നു അന്ന് സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തത്.
മോദിയും അക്ഷയ് കുമാറും തമ്മിലുള്ള അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനത്തിന് പാത്രമായിരുന്നു. രാഷ്ട്രീയമില്ലെന്ന വാദത്തോടെയായിരുന്നു അഭിമുഖം പുറത്ത് വിട്ടത്. അഭിമുഖത്തില്‍ മോദി മാങ്ങ കഴിക്കുന്നതിനെ കുറിച്ചും ഒബാമയും മമത ബാനര്ജിയുമൊക്കെയായി തനിക്കുള്ള സൗഹൃദത്തെ കുറിച്ചുമൊക്കെയാണ് പറയുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായി മാറിയിരുന്നു.