scorecardresearch
Latest News

‘മുസ്‌ലിങ്ങളെ പിന്തുണച്ചു, ഇരകളാക്കി ചിത്രീകരിച്ചു’; കാപ്പനെതിരെ യുപി പൊലീസ് കുറ്റപത്രം

5000 പേജുകള്‍ അടങ്ങുന്ന ചാര്‍ജ് ഷീറ്റില്‍ ഒരു മലയാള മാധ്യമത്തിനായി കാപ്പനെഴുതിയ ലേഖനങ്ങളിലെ ഭാഗങ്ങളും ചേര്‍ത്തിട്ടുണ്ട്

Siddique Kappan, UAPA

ന്യൂഡല്‍ഹി: ദലിത് പെണ്‍കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഹത്രാസിലേക്ക് യാത്ര ചെയ്യുന്നതിനിടെ രാജ്യദ്രോഹ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെതിരായ കുറ്റപത്രത്തിൽ ഗുരുതര ആരോപണങ്ങള്‍. സിദ്ദിഖ് കാപ്പന്‍ ഉത്തരവാദിത്വപ്പെട്ട മാധ്യമ പ്രവര്‍ത്തകനെ പോലെയല്ല ലേഖനങ്ങള്‍ എഴുതിയത്, മുസ്‌ലിങ്ങള്‍ക്ക് പിന്തുണ നല്‍കി, മവോയിസ്റ്റുകളോടും കമ്മ്യൂണിസ്റ്റുകളോടും സഹതപിച്ചു എന്നെല്ലാം യുപി സ്പെഷൽ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്) തയാറാക്കിയ കുറ്റപത്രത്തിൽ പറയുന്നു.

5000 പേജുകള്‍ അടങ്ങുന്ന കുറ്റപത്രത്തിൽ, ഒരു മലയാള മാധ്യമത്തിനായി കാപ്പനെഴുതിയ 36 ലേഖനങ്ങളിലെ ഭാഗങ്ങളും ചേര്‍ത്തിട്ടുണ്ട്. കോവിഡിനു ശേഷം നിസാമുദ്ദീനിലുണ്ടായ മതസമ്മേളനം, സി‌എ‌എ വിരുദ്ധ പ്രതിഷേധങ്ങൾ, വടക്കുകിഴക്കൻ ഡൽഹി കലാപം, അയോധ്യയിലെ രാമക്ഷേത്രം, രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലായ ഷർജീൽ ഇമാമിനെതിരായ കുറ്റപത്രം തുടങ്ങിയ സംഭവങ്ങളെക്കുറിച്ചെഴുതിയ ലേഖനങ്ങളുടെ ഭാഗങ്ങളാണ് കുറ്റപത്രത്തിൽ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

“ലേഖനത്തില്‍ മുസ്‌ലിങ്ങളെ ഇരകളായാണ് ചിത്രീകരിച്ചിരിക്കുന്നത്. പൊലീസ് അവരെ മര്‍ദിച്ചതായും പാക്കിസ്ഥാനിലേക്ക് പോകാന്‍ ആവശ്യപ്പെട്ടതായും ലേഖനത്തിലുണ്ട്. ഇത് മുസ്‌ലിങ്ങള്‍ക്ക് പിന്തുണ നല്‍കാനും പ്രചോദിപ്പിക്കാനുമായി എഴുതിയതാണെന്ന് വ്യക്തമാണ്,” അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റി(എഎംയു)യില്‍ നടന്ന സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളെക്കുറിച്ച് കാപ്പന്‍ എഴുതിയ ലേഖനം ചൂണ്ടിക്കാണിച്ച് കുറ്റപത്രത്തിൽ പറയുന്നു.

“കാപ്പന്റെ എഴുത്തുകള്‍ ഒരു പരിധി വരെ വര്‍ഗീയപരമായതാണ്. കലാപം സംഭവിക്കുമ്പോള്‍ ന്യൂനപക്ഷത്തിനൊപ്പം ചേരുന്നതും അവരുമായി ബന്ധപ്പെട്ട കാര്യങ്ങളക്കുറിച്ച് സംസാരിക്കുന്നതും വികാരങ്ങളെ വ്രണപ്പെടുത്താന്‍ സഹായകമാകും. ഉത്തരവാദിത്തമുള്ള മാധ്യമപ്രവര്‍ത്തകര്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ല. കാപ്പന്‍ മാത്രമാണ് മുസ്‌ലിങ്ങള്‍ക്ക് പ്രചോദനം നല്‍കുന്ന തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇത് പോപ്പുലര്‍ പ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) അജണ്ടയുടെ ഭാഗമാണ്,” കുറ്റപത്രത്തിൽ പറയുന്നു.

കേസ് ഡയറി നോട്ട് പ്രകാരം ലേഖനങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയ സിദ്ദിഖ് കാപ്പന്റെ ലാപ് ടോപ്പില്‍ നിന്നാണ്.

പോപ്പുലര്‍ ഫ്രണ്ടിന്റെ “തിങ്ക് ടാങ്ക്” ആയിട്ടാണ് കാപ്പൻ പ്രവർത്തിച്ചിരുന്നതെന്ന് യുപി പോലീസ് അവകാശപ്പെടുന്നു. ഹിന്ദു വിരുദ്ധ ലേഖനങ്ങള്‍ അദ്ദേഹം മലയാള മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കാൻ ശ്രമിക്കുകയും ഡൽഹി കലാപത്തെ ഉത്തേജിപ്പിക്കാന്‍ പദ്ധതികൾ ആസൂത്രണം ചെയ്തതായും പൊലീസ് ആരോപിക്കുന്നു. ഇന്റലിജൻസ് ബ്യൂറോ ഓഫീസർ അങ്കിത് ശർമയുടെയും ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാലിന്റേയും മരണം മറയ്ക്കാൻ ശ്രമിച്ചതായും ഡൽഹി കലാപത്തിൽ സസ്പെൻഡ് ചെയ്ത എഎപി കൗൺസിലർ താഹിർ ഹുസൈന്റെ പങ്ക് നിസാരവൽക്കരിക്കുകയും ചെയ്തതായി പോലീസ് പറയുന്നു.

നിരോധിക്കപ്പെട്ട സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയുടെ ഭീകരവാദ പ്രവര്‍ത്തനങ്ങളെ നിഷേധിക്കാന്‍ കാപ്പന്‍ ശ്രമിച്ചതായും അന്വേഷണ ഏജന്‍സി ആരോപിക്കുന്നു. ഹത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സംസ്കാരത്തിന് ശേഷം ഭരണകൂടത്തിനെതിരെ ജനങ്ങളെ തിരിച്ചുവിടാന്‍ കാപ്പനും റഹ്മാനും ചേര്‍ന്ന് ശ്രമം നടത്തിയതായി രണ്ട് ദൃക്സാക്ഷികളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

“സ്പെഷൽ ഇന്‍വെസ്റ്റിഗേഷന്‍ ടീം എത്തിയതിനാല്‍ ഗ്രാമത്തിലേക്ക് മറ്റുള്ളവര്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. അതിനാല്‍ തന്നെ വലിയ തോതിലുള്ള ജനക്കൂട്ടം ഉണ്ടായി. ജനക്കൂട്ടത്തില്‍ ഉണ്ടായിരുന്ന രണ്ടു പേര്‍ ലഹളയുണ്ടാക്കാന്‍ ശ്രമിച്ചു. അവര്‍ പ്രസംഗിക്കുകയും പണം വിതരണം ചെയ്യുകയും ചെയ്തു. അത് അടികൂർ റഹ്മാനും സിദ്ദിഖ് കാപ്പനുമായിരുന്നു. അവര്‍ എന്നോട് പേര് പറഞ്ഞിരുന്നു,” അയല്‍ ഗ്രാമത്തിലുള്ളയാള്‍ ഇങ്ങനെ പറഞ്ഞതായി കുറ്റപത്രത്തിൽ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ കുറ്റാരോപിതര്‍ പ്രസ്തുത സമയത്ത് ഗ്രാമത്തില്‍ ഇല്ലായിരുന്നെന്നും രണ്ടു ദിവസത്തിനു ശേഷം ഹത്രാസിലക്കുള്ള യാത്രയിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും പ്രതികളുടെ അഭിഭാഷകന്‍ വ്യക്തമാക്കി. ഇതിനാല്‍ തന്നെ ദൃക്സാക്ഷികളുടെ മൊഴി സംശയാസ്പദമാണെന്നും അഭിഭാഷകൻ മധുവൻ ദത്ത് കൂട്ടിച്ചേര്‍ത്തു.

സിദ്ദിഖ് കാപ്പനെഴുതിയ മലയാളം ലേഖനങ്ങളും അതിന്റെ പരിഭാഷയും സ്പെഷല്‍ ടാസ്ക് ഫോഴ്സ് ഹാജരാക്കിയിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളുടെ ഫോണ്‍ റെക്കോര്‍ഡുകള്‍, പണമിടപാടുകളുടെ രേഖകളും സമര്‍പ്പിച്ചിട്ടുണ്ട്.

കാപ്പൻ, പിഎഫ്ഐ അംഗങ്ങളായ അടികൂർ റഹ്മാൻ, മസൂദ് അഹ്മദ്, അവരുടെ ഡ്രൈവർ ആലം എന്നിവരെ കഴിഞ്ഞ വർഷം ഒക്ടോബർ അഞ്ചിനാണ് ഹത്രാസിലേക്ക് പോകുമ്പോൾ മഥുരയിൽ വച്ച് അറസ്റ്റ് ചെയ്തത്. ഈ വർഷം ഏപ്രിലിലാണ് കുറ്റപത്രം സമർപ്പിച്ചത്. യുഎപിഎ പ്രകാരവും രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തത്.

Also Read: പഞ്ചാബ്: സിദ്ദുവും മുഖ്യമന്ത്രി ചന്നിയും കൂടിക്കാഴ്ച നടത്തി; പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടെന്ന് പാർട്ടി

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Siddique kappan incites muslims says in charge sheet by up stf