ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റജിസ്റ്റര്‍ ചെയ്ത കേസില്‍ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ജാമ്യം. അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബഞ്ചാണ് കാപ്പന് ജാമ്യം അനുവദിച്ചിരിക്കുന്നത്. വേരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയായല്‍ കാപ്പന്‍ ജയില്‍ മോചിതനായേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
യുഎപിഎ കേസില്‍ കഴിഞ്ഞ സെപ്തംബറില്‍ സിദ്ദിഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇഡി കേസില്‍ ജാമ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് കാപ്പന്റെ ജയില്‍ മോചനം സാധ്യമായിരുന്നില്ല. കാപ്പന്റെ ബാങ്ക് അക്കൗണ്ടില്‍ എത്തിയ 45,000 രൂപയുടെ ഉറവിടം കാപ്പന് വ്യക്തമാക്കാന്‍ സാധിച്ചില്ലെന്നാണ് ഇഡി കേസില്‍ പറയുന്നത്.
2020 ഒക്ടോബര്‍ അഞ്ചിനായിരുന്നു സിദ്ദിഖ് കാപ്പന്‍ അറസ്റ്റിലായത്. ബലാത്സംഗത്തിനിരയായ ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട ഉത്തര്‍ പ്രദേശിലെ ഹഥ്റസിലേക്കുള്ള യാത്രയ്ക്കിടെയാണ് സിദ്ദിഖ് കാപ്പന്‍ അറസ്റ്റിലായത്. സിദ്ദിഖ് കാപ്പനൊപ്പം പോപുലർ ഫ്രണ്ട് പ്രവർത്തകരായ അതീഖുർ റഹ്മാൻ, മസൂദ് അഹമ്മദ്, ഡ്രൈവർ ആലം എന്നിവരേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സിദ്ദിഖ് കാപ്പനെതിരെ 5,000 പേജുള്ള കുറ്റപത്രമായിരുന്നു ഉത്തര്‍ പ്രദേശ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. സിദ്ദിഖ് കാപ്പനെഴുതിയ ലേഖനങ്ങള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്നും പൊലീസ് ആരോപിച്ചു. രാജ്യവ്യാപക പ്രതിഷേധത്തിന് കാരണമായി പൗരത്വ ഭേദഗതി നിയമത്തിനെതിരായ ലേഖനങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നു. ഷഹീന്‍ ബാഗില്‍ നടന്ന പ്രതിഷേധത്തെ പൊലീസ് നേരിട്ട രീതിയേയും കാപ്പന്‍ ലേഖനത്തിലൂടെ വിമര്‍ശിച്ചിരുന്നു.