ബെംഗളൂരു: ബിജെപിക്കെതിരെ രൂക്ഷവിര്‍ശനവുമായി കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. നെറ്റിയില്‍ നീളത്തിലുള്ള കുറി തൊടുന്നവരെ തനിക്ക് ഭയമാണെന്നും ബിജെപി ഇത്തരം ചിഹ്നങ്ങള്‍ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചതുകൊണ്ടാണ് ആളുകളില്‍ ഇത്തരം ചിന്തകള്‍ എന്നും അദ്ദേഹം പറഞ്ഞു.

‘കുറിയും കാവിയും ഹിന്ദു സംസ്‌കാരത്തിന്റ ഏറെ പ്രധാനപ്പെട്ട ഭാഗമാണ്. എന്നാല്‍ തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിനായി ബിജെപി ഈ ചിഹ്നങ്ങളെ ദുരുപയോഗം ചെയ്തു തുടങ്ങിയപ്പോള്‍ മുതല്‍ ഇവ ഉപയോഗിക്കുന്നവരെ ആളുകള്‍ ഭയന്നു തുടങ്ങി,’ സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.

‘ബിജെപിയുടെ ഒരു മുഖ്യമന്ത്രിയുണ്ട്. കാവിയും ധരിച്ച് കുറിയും തൊട്ട് നടക്കുന്ന അദ്ദേഹത്തിനെതിരെ നിരവധി ക്രിമിനല്‍ കേസുകളുണ്ട്. ആളുകള്‍ അദ്ദേഹത്തെ ബഹുമാനിക്കുകയാണോ പേടിക്കുകയാണോ ചെയ്യുക?,’ അടുത്ത ട്വീറ്റില്‍ സിദ്ധരാമയ്യ ചോദിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പേരെടുത്ത് പറയാതെ വിമര്‍ശിക്കുകയായിരുന്നു അദ്ദേഹം.

ഒരു പൊതുവേദിയില്‍ സംസാരിക്കുമ്പോഴും അദ്ദേഹം ഈ വിമര്‍ശനം ആവര്‍ത്തിച്ചു. ‘നിങ്ങള്‍ നെറ്റിയില്‍ ചന്ദനം തൊട്ടിട്ടുണ്ട്, ഈ ജോലി ശരിക്കും ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ? അത്തരം കുങ്കുമം തൊടുന്ന ആളുകളെ എനിക്കിപ്പോള്‍ പേടിയാണ്. നിങ്ങള്‍ നന്നായി ജോലി ചെയ്യുകയും സമയത്തിന് അത് പൂര്‍ത്തിയാക്കുകയും വേണം. എനിക്കറിയില്ല, നെറ്റിയില്‍ നീണ്ട കുറി ഉള്ളവരെ എനിക്ക് പേടിയാണ്,’ സിദ്ധരാമയ്യ പറഞ്ഞു.

അതേസമയം, സിദ്ധരാമയ്യയുടെ പരാമര്‍ശം നിരവധി വിമര്‍ശനങ്ങക്ക് ഇടയാക്കിയിട്ടുണ്ട്. ട്വിറ്ററില്‍ ‘സെല്‍ഫി വിത്ത് തിലക്’ എന്ന ഹാഷ്‌ടാഗോടെ നിരവധി പേരാണ് നെറ്റിയില്‍ കുറി തൊട്ട ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത്.

തങ്ങളുടെ മതത്തിന്റെ അടയാളമാണ് ഇതെന്നും, കുറിയെ ഭയക്കുന്നവര്‍ തങ്ങളില്‍ നിന്നും അകന്നു നില്‍ക്കണമെന്നും കുറി തൊടുന്നതില്‍ അഭിമാനിക്കുന്നുവെന്നുമെല്ലാമുള്ള അടിക്കുറിപ്പുകളോടെയാണ് ആളുകള്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ