ബെംഗളൂരു: നിയുക്ത കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രതിനിധി സംഘം ഗവര്‍ണര്‍ തവർ ചന്ദ് ഗെലോട്ടിനെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിച്ചു. നിയമസഭ കക്ഷി യോഗത്തില്‍ സിദ്ധരാമയ്യയെ നേതാവായി തിരഞ്ഞെടുത്തതിന് പിന്നാലെയാണ് നീക്കം.
ഡല്‍ഹിയില്‍ നിന്ന് സിദ്ധരാമയ്യ ഇന്നാണ് ബെംഗളൂരുവില്‍ തിരിച്ചെത്തിയത്. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതോടെ സത്യപ്രതിജ്ഞയ്ക്കായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ബിജെപി ഇതര പാര്‍ട്ടികളുടെ മുഖ്യമന്ത്രിമാര്‍ക്കും മുതിര്‍ന്ന നേതാക്കള്‍ക്കും ചടങ്ങിലേക്ക് ക്ഷണമുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി മുഖ്യ പ്രതിപക്ഷ പാര്‍ട്ടികളുടെ ഒത്തുചേരലിനും സത്യപ്രതിജ്ഞ ചടങ്ങ് സാക്ഷ്യം വഹിക്കും. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, ബിഹാര്‍ മുഖ്യമന്ത്രി നിതിഷ് കൂമാര്‍ എന്നിവര്‍ ക്ഷണിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് കർണാടകയിൽ ആര് മുഖ്യമന്ത്രിയെന്ന ചോദ്യത്തിന് ഇന്ന് ഉത്തരമായത്. സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയായും ഡി.കെ.ശിവകുമാർ ഉപമുഖ്യമന്ത്രിയായും ചുമതലയേൽക്കും. ശിവകുമാർ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായും തുടരും.
രണ്ടര വർഷം മുഖ്യമന്ത്രി പദം പങ്കിടാമെന്ന ഫോർമുല പാർട്ടി നേതൃത്വം അംഗീകരിച്ചതായാണ് ശിവകുമാർ ക്യാംപ് അവകാശപ്പെടുന്നത്. എന്നാൽ, ഇക്കാര്യം സംബന്ധിച്ച് കേന്ദ്ര നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. സത്യപ്രതിജ്ഞാ ചടങ്ങുകൾ മേയ് 20 ന് ബെംഗളൂരുവിൽ നടക്കും.
ബുധനാഴ്ച സിദ്ധരാമയ്യയും ശിവകുമാറും പാർട്ടി നേതാവ് രാഹുൽ ഗാന്ധിയുമായി വെവ്വേറെ കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി ശിവകുമാർ കൂടിക്കാഴ്ച നടത്തി. യോഗങ്ങൾക്കുശേഷം, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ശിവകുമാർ, അദ്ദേഹത്തിന്റെ സഹോദരൻ ഡി.കെ.സുരേഷിന്റെ വസതിയിൽവച്ച് അദ്ദേഹത്തിന്റെ എംഎൽഎമാരെയും നേതാക്കളെയും കണ്ടിരുന്നു.
കർണാടകയിൽ 224 അംഗ നിയമസഭയിലേക്ക് മേയ് 10 നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 135 സീറ്റുകളാണ് നേടിയത്. ബിജെപിക്ക് 66 സീറ്റുകളും ജെഡി (എസ്) ന് 19 സീറ്റുകളുമാണ് നേടാനായത്.