scorecardresearch

കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രി, ഡി.കെ.ശിവകുമാർ ഉപമുഖ്യമന്ത്രി

സത്യപ്രതിജ്ഞാ ചടങ്ങുകൾ മേയ് 20 ന് ബെംഗളൂരുവിൽ നടക്കും

Siddaramaiah, congress, ie malayalam
സിദ്ധരാമയ്യ (ഫയൽ ചിത്രം)

ന്യൂഡൽഹി: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ കർണാടകയിൽ ആര് മുഖ്യമന്ത്രിയെന്ന ചോദ്യത്തിന് ഉത്തരമായിരിക്കുന്നു. സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയായും ഡി.കെ.ശിവകുമാർ ഉപമുഖ്യമന്ത്രിയായും ചുമതലയേൽക്കും. ശിവകുമാർ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായും തുടരും.

രണ്ടര വർഷം മുഖ്യമന്ത്രി പദം പങ്കിടാമെന്ന ഫോർമുല പാർട്ടി നേതൃത്വം അംഗീകരിച്ചതായാണ് ശിവകുമാർ ക്യാംപ് അവകാശപ്പെടുന്നത്. എന്നാൽ, ഇക്കാര്യം സംബന്ധിച്ച് കേന്ദ്ര നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. സത്യപ്രതിജ്ഞാ ചടങ്ങുകൾ മേയ് 20 ന് ബെംഗളൂരുവിൽ നടക്കും.

ബുധനാഴ്ച സിദ്ധരാമയ്യയും ശിവകുമാറും പാർട്ടി നേതാവ് രാഹുൽ ഗാന്ധിയുമായി വെവ്വേറെ കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി ശിവകുമാർ കൂടിക്കാഴ്ച നടത്തി. യോഗങ്ങൾക്കുശേഷം, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ശിവകുമാർ, അദ്ദേഹത്തിന്റെ സഹോദരൻ ഡി.കെ.സുരേഷിന്റെ വസതിയിൽവച്ച് അദ്ദേഹത്തിന്റെ എംഎൽഎമാരെയും നേതാക്കളെയും കണ്ടിരുന്നു.

മുഖ്യമന്ത്രി പദത്തിലേക്ക് സിദ്ധരാമയ്യയെ ഉറപ്പിച്ചതായി കോൺഗ്രസ് പാർട്ടിയുടെ കർണാടക വനിതാ വിഭാഗം അധ്യക്ഷ പുഷ്പ അമർനാഥ് മാധ്യമങ്ങളോട് നേരത്തെ പറഞ്ഞിരുന്നു. സിദ്ധരാമയ്യയുടെ വിശ്വസ്തയായി കണക്കാക്കപ്പെടുന്ന ഒരാളാണ് അമർനാഥ്. ബെംഗളൂരുവിലെ സിദ്ധരാമയ്യയുടെ വസതിക്കു പുറത്ത് നേരത്തെ തന്നെ അണികൾ ആഘോഷം തുടങ്ങി.

”അടുത്ത 48-72 മണിക്കൂറുകൾക്കുള്ളിൽ കർണാടകയിൽ പുതിയ മന്ത്രിസഭ രൂപീകരിക്കും. ആദ്യ കാബിനറ്റ് യോഗത്തിൽ കോൺഗ്രസ് നൽകിയ അഞ്ച് വാഗ്‌ദാനങ്ങൾ നടപ്പിലാക്കുകയും കർണാടകയെ മികച്ച സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്യും,” കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല പറഞ്ഞു.

സംസ്ഥാനത്തുടനീളമുള്ള ഗ്രാമീണ, പിന്നാക്ക ജില്ലകളിൽ ബിജെപിക്കും ജെഡി (എസിനും) ഗണ്യമായ സ്വാധീനം നഷ്ടപ്പെട്ടതാണ് കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയുടെ മികച്ച പ്രകടനത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നായി കരുതപ്പെടുന്നത്. ആകെ 11 സീറ്റുകളുള്ള റായ്ച്ചൂരിലെയും യാദ്‌ഗീറിലെയും ഭൂരിഭാഗം നിയമസഭാ സീറ്റുകളിലും കോൺഗ്രസ് വിജയിച്ചതായി തിരഞ്ഞെടുപ്പ് സർവേ ഫലങ്ങളുടെ വിശകലനം വ്യക്തമാക്കുന്നു. ഇതിൽ കോൺഗ്രസ് ഏഴ് സീറ്റും ബിജെപിയും ജെഡിഎസും രണ്ട് സീറ്റ് വീതവും നേടി. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ട് ജില്ലകളിലായി കോൺഗ്രസിന് നാല് സീറ്റുകൾ മാത്രമാണ് ലഭിച്ചത്. ബിജെപിയും ജെഡിഎസും യഥാക്രമം നാല്, മൂന്ന് സീറ്റുകൾ നേടി.

കർണാടകയിൽ 224 അംഗ നിയമസഭയിലേക്ക് മേയ് 10 നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 135 സീറ്റുകളാണ് നേടിയത്. ബിജെപിക്ക് 66 സീറ്റുകളും ജെഡി (എസ്) ന് 19 സീറ്റുകളുമാണ് നേടാനായത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Siddaramaiah set to be karnataka cm d k shivakumar his deputy report

Best of Express