ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്ന് ഉറപ്പിച്ച് പറഞ്ഞ് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇത് തന്റെ അവസാന തിരഞ്ഞെടുപ്പ് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹം തീരുമാനം വ്യക്തമാക്കിയത്. ഇത് തന്റെ അവസാന തിരഞ്ഞെടുപ്പായിരിക്കുമെന്ന് പറഞ്ഞ സിദ്ധരാമയ്യ, ദലിത് മുഖ്യമന്ത്രിയെ പാര്‍ട്ടി തിരഞ്ഞെടുത്താല്‍ താന്‍ മാറി കൊടുക്കുമെന്നും വ്യക്തമാക്കി.

”ഒരു ദലിതന്‍ മുഖ്യമന്ത്രിയാകുന്നതില്‍ എതിര്‍പ്പില്ല. പാര്‍ട്ടി അങ്ങനെയൊരു തീരുമാനമെടുത്താല്‍ മാറി കൊടുക്കാന്‍ തയ്യാറാണ്. കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് പാര്‍ട്ടി ഹൈക്കമാന്‍ഡാണ്,” സിദ്ധരാമയ്യ പറയുന്നു.

അതേസമയം, ജെഡിഎസുമായി ഏതെങ്കിലും തരത്തിലുള്ള സഖ്യമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ കോണ്‍ഗ്രസ് വിജയിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ എക്‌സിറ്റ് പോളുകളെക്കുറിച്ച് ആശങ്കപ്പെടാതെ അവധിദിനം ആഘോഷമാക്കാന്‍ അദ്ദേഹം പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിരുന്നു. കര്‍ണാടകയില്‍ ഭരണം ആരു നേടുമെന്നറിയാന്‍ രണ്ടുദിനം ബാക്കിനില്‍ക്കെയാണ് സിദ്ധരാമയ്യയുടെ നിര്‍ദേശം. ”എക്‌സിറ്റ് പോളുകൾ അടുത്ത രണ്ടു ദിവസത്തേക്കുളള വിനോദം മാത്രമാണ്. എക്‌സിറ്റ് പോളുകളെക്കുറിച്ച് പാര്‍ട്ടി ബിജെപി പ്രവര്‍ത്തകരും അനുയായികളും അഭ്യുദയകാംക്ഷികളും ആശങ്കപ്പെടേണ്ട, ഈ അവധിദിനം ആഘോഷിക്കൂ” ഇതായിരുന്നു സിദ്ധരാമയ്യ ട്വീറ്റ് ചെയ്തത്.

കര്‍ണാടകത്തില്‍ കേവല ഭൂരിപക്ഷം ആര്‍ക്കും ലഭിക്കില്ലെന്നും തൂക്കു മന്ത്രിസഭ നിലവില്‍ വരുമെന്നുമാണ് എക്‌സിറ്റ് പോള്‍ പ്രവചനം. പ്രധാന സര്‍വേകളില്‍ ആറെണ്ണം ബിജെപിക്കും മൂന്നെണ്ണം കോണ്‍ഗ്രസിനും മുന്‍തൂക്കം നല്‍കുന്നു. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡയുടെ ജനതാദള്‍ (എസ്) 21-43 വരെ സീറ്റ് നേടുമെന്നും എക്‌സിറ്റ് പോള്‍ പ്രവചനങ്ങളുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ