ബെംഗളൂരു: പൊതു പരിപാടിക്കിടെ സ്ത്രീയോട് അപമര്യാദയായി പെരുമാറി കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ സിദ്ധരാമയ്യയ്‌ക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

പരാതി പറയാനെത്തിയ സ്ത്രീയോട് സിദ്ധരാമയ്യ കയര്‍ക്കുന്നതും കൈയ്യില്‍ നിന്നും മൈക്ക് തട്ടിയെടുക്കുന്നതുമാണ് വീഡിയോയിലുള്ളത്. രോക്ഷാകുലയായ സ്ത്രീയോട് ഇരിക്കാന്‍ സിദ്ധരാമയ്യ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. പാര്‍ട്ടി പ്രവര്‍ത്തകര്‍ ചുറ്റും നില്‍ക്കവെയാണ് സിദ്ധരാമയ്യ സ്ത്രീയോട് കയര്‍ത്തത്.

സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്രയുടെ മണ്ഡലമായ വരുണയിലാണ് സംഭവം. എംഎല്‍എയെ കാണാനില്ലെന്നും സര്‍ക്കാര്‍ ഓഫീസുകളില്‍ ഉദ്യോഗസ്ഥരില്ലെന്നുമായിരുന്നു യുവതിയുടെ പരാതി. പരാതിക്കാരിയുടെ മൈക്ക് തട്ടിപ്പറിക്കാന്‍ സിദ്ധരാമയ്യ ശ്രമിക്കുകയും മിണ്ടാതിരിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

എംഎല്‍എയെ കാണാന്‍ അങ്ങോട്ട് പോവേണ്ടെന്നും തങ്ങള്‍ പറയുമ്പോള്‍ മാത്രം വന്നാല്‍ മതിയെന്നും സിദ്ധരാമയ്യ പറയുന്നുണ്ട്. വീഡിയോ വൈറാലയതോടെ ബിജെപി പ്രതികരണവുമായി രംഗത്തെത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് സിദ്ധരാമയ്യക്കെതിരെ നടപടിയെടുക്കണമെന്നാണ് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസ് ഒരു കുടുംബത്തിലെ സ്ത്രീകളെ മാത്രമേ ബഹുമാനിക്കുകയുള്ളൂവെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്കര്‍ പ്രതികരിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ