ന്യൂഡൽഹി: പാർട്ടിക്കുള്ളിൽ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ട് തനിക്ക് കത്തെഴുതിയ 23 നേതാക്കളുടെ സംഘവുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കൂടിക്കാഴ്ച നടത്തി ഒരുമാസം കഴിഞ്ഞിട്ടും ഇതുവരെ കാര്യങ്ങളിൽ തീരുമാനമായില്ലെന്ന് മുതിർന്ന നേതാവ് കബിൽ സിബൽ. ചർച്ചയിൽ സോണിയ ഗാന്ധി ആഭ്യന്തര തിരഞ്ഞെടുപ്പ് ഉറപ്പ് നൽകിയിരുന്നെന്നും എന്നാൽ അതെങ്ങനെ, എപ്പോൾ സംഭവിക്കും എന്നതിനെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ലെന്നും, അതേക്കുറിച്ച് പ്രതികരണമില്ലെന്നും ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ കബിൽ സിബൽ പറഞ്ഞു.
ദിനംപ്രതി ശക്തമാകുന്ന കർഷക പ്രക്ഷോഭത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. സെൻട്രൽ വിസ്റ്റ പ്രോജക്റ്റ്, സമ്പദ്വ്യവസ്ഥ, അടുത്ത ബജറ്റ്, നാല് പ്രധാന സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. വ്യവസായത്തിന് പരമാവധി പിന്തുണ ലഭിക്കുമ്പോൾ കർഷകർ ആവശ്യപ്പെടുന്നത് മിനിമം പിന്തുണയാണെന്ന് അദ്ദേഹം പറഞ്ഞു.
“ഈ സർക്കാർ ഒന്നും ചിന്തിക്കാതെ അപ്പോൾ തോന്നുന്ന കാര്യങ്ങൾ ചെയ്യുകയാണ്. ജിഎസ്ടി, നോട്ട് നിരോധനം തുടങ്ങിയവ കൃത്യമായ ആലോചനയില്ലാതെ നടപ്പാക്കുന്നതാണ് പ്രശ്നം. പ്രശ്നങ്ങളെ തോന്നുന്നത് പോലെ കൈകാര്യം ചെയ്യുകയെന്നത് ഈ സർക്കാരിന്റെ ഡിഎൻഎയിലുള്ളതാണ്. ഇതൊരു സുൽത്താൻ ഭരണത്തിലെ തീരുമാനങ്ങൾ പോലെയാണ്. എടുത്ത തീരുമാനങ്ങളിൽ ഉറച്ച് നിൽക്കുന്നു. മധ്യകാല ഇന്ത്യയുടെ നാളുകളിലേക്ക് നാം തിരിച്ചെത്തി,” അദ്ദേഹം പറഞ്ഞു.
സോണിയയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. “നിർഭാഗ്യവശാൽ, ഞാൻ യാത്രയിലായിരുന്നതിനാൽ അവിടെ ഉണ്ടാകാൻ സാധിച്ചില്ല. പക്ഷെ ഒരു തുറന്ന ചർച്ച നടത്തിയെന്ന് ഞാൻ കരുതുന്നു. പാർട്ടിയെ നയിക്കുന്ന ഇപ്പോഴത്തെ കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടത്തുമെന്ന് പറഞ്ഞു. ഈ തിരഞ്ഞെടുപ്പുകൾ എന്തായിരിക്കുമെന്ന് ഞങ്ങൾക്ക് വ്യക്തമല്ല. ഭരണഘടനയുടെ വ്യവസ്ഥകൾക്കനുസൃതമായി തിരഞ്ഞെടുപ്പ് നടക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.”
“ഉദാഹരണത്തിന്, പ്രവർത്തക സമിതിയുടെ തിരഞ്ഞെടുപ്പിനും കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുടെ തിരഞ്ഞെടുപ്പിനുമൊപ്പം അധ്യക്ഷ തിരഞ്ഞെടുപ്പും നടത്തപ്പെടും. അത് ഭരണഘടനയുടെ ഭാഗമാണ്. ഞങ്ങൾക്ക് അതിൽ വ്യക്തതയില്ല. അതിനുശേഷം, പാർലമെന്ററി ബോർഡിന്റെ സ്ഥാപനങ്ങൾ പുനരുജ്ജീവിപ്പിക്കണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു. ഡിസംബർ 19 ലെ യോഗം കഴിഞ്ഞ് ഒരു മാസമായി. ഇത് എങ്ങനെ, എപ്പോൾ സംഭവിക്കും എന്നതിനെക്കുറിച്ച് ഇതുവരെ യാതൊരു പ്രതികരണവുമില്ല. അടുത്ത കുറച്ച് ദിവസത്തിനുള്ളിൽ മറുപടി ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, കാരണം നമ്മുടെ രാജ്യത്ത് ഒരു രാഷ്ട്രീയ ശക്തിയായി കോൺഗ്രസ് സ്വയം പുനരുജ്ജീവിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്,” അദ്ദേഹം പറഞ്ഞു.