/indian-express-malayalam/media/media_files/uploads/2018/06/shujaat-bukhari.jpg)
ശ്രീനഗർ: റൈസിങ് കശ്‌മീർ എഡിറ്റർ ഷുജാഅത്ത് ബുഖാരിയെ കൊലപ്പെടുത്തിയ സംഘത്തിലുൾപ്പെട്ടവരെ ജമ്മു കശ്‌മീർ പൊലീസ് തിരിച്ചറിഞ്ഞു. തെക്കൻ കശ്‌മീരിൽനിന്നുളള രണ്ടുപേരും പാക്ക് സ്വദേശിയായ മറ്റൊരാളുമാണ് കൊലയാളി സംഘത്തിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
കൊലയാളി സംഘത്തെ ഞങ്ങൾ തിരിച്ചറിഞ്ഞു, അന്വേഷണ സംഘത്തിലുളള മുതിർന്ന പൊലീസ് ഓഫിസർ ദി ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു. ''തെക്കൻ കശ്‌മീരിൽനിന്നുളള രണ്ടു ഭീകരരും ഒരു പാക് സ്വദേശിയുമാണ് സംഘത്തിലുളളത്''. ലഷ്‌കറെ തയിബ ഭീകരനായ ജാവേദ് ജാട് ആണ് കൊലയാളി സംഘത്തിൽപ്പെട്ട പാക് ഭീകരനെന്നാണ് പൊലീസ് വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം. കഴിഞ്ഞ ഫെബ്രുവരിയിൽ ശ്രീ മഹാരാജ ഹരി സിങ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഇയാൾ പൊലീസ് കസ്റ്റഡിയിൽനിന്നും രക്ഷപ്പെട്ടിരുന്നു.
പാക്കിസ്ഥാനിൽനിന്നുളള ബ്ലോഗ് എഴുത്തുകാരനായ ഒരാളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ ബ്ലോഗിലൂടെ ബുഖാരിയ്‌ക്കെതിരെ ക്യാംപെയ്‌ൻ തുടങ്ങിയിരുന്നു. ശ്രീനഗറിൽനിന്നുളള ഭീകരനായ ഇയാൾ പാക്കിസ്ഥാനിലാണ് ഇപ്പോൾ താമസിക്കുന്നത്. ഈ വിവരങ്ങളൊക്കെ പത്രസമ്മേളനം നടത്തി അന്വേഷണം സംഘം പുറത്തുവിടുമെന്നാണ് വിവരം.
ശ്രീനഗറിൽ പ്രസ് കോളനിയിലെ റൈസിങ് കശ്‌മീർ ദിനപത്രത്തിന്റെ ഓഫീസിൽ നിന്നു പുറത്തിറങ്ങിയ ബുഖാരി തന്റെ കാറിൽ കയറുമ്പോഴാണ് ആക്രമണം നടന്നത്. ഇഫ്താർ സത്കാരത്തിനായി പുറത്തുപോകാനാണു ബുഖാരി ഓഫീസിൽനിന്ന് ഇറങ്ങിയത്.
കാറിലേക്കു കയറാൻ ശ്രമിക്കവേ ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ഇദ്ദേഹത്തിനും ഒപ്പമുണ്ടായിരുന്ന സുരക്ഷാ ജീവനക്കാർക്കും നേരെ വെടിയുതിർത്തത്. സംഭവസ്ഥലത്തു തന്നെ ഷുജാഅത് ബുഖാരി മരിച്ചുവീണു.
കൊലയാളികളുടേതെന്ന് കരുതുന്ന ചിത്രങ്ങൾ ജമ്മു കശ്‌മീർ പൊലീസ് ആക്രമണത്തിന് തൊട്ടുപിന്നാലെ പുറത്തുവിട്ടിരുന്നു. ബൈക്കിൽ സഞ്ചരിച്ച ഇവരിൽ ഒരാൾ ഹെൽമെറ്റ് ധരിച്ചിരുന്നു. മറ്റ് രണ്ട് പേർ മുഖം കറുത്ത തൂവാല കൊണ്ട് മറച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.