ന്യൂഡൽഹി: ഇസ്ലാമിക് സ്റ്റഡീസ് പ്രവേശന പരീക്ഷയിൽ ഒന്നാം സ്ഥാനം നേടുന്ന ആദ്യത്തെ അമുസ്ലിം വിദ്യാർഥിയാണ് രാജസ്ഥാനിലെ നിന്നുള്ള ശുഭം യാദവ്. കശ്മീർ കേന്ദ്ര സർവകലാശാലയുടെ ഇസ്ലാമിക് സ്റ്റഡീസ് എംഎ പ്രവേശന പരീക്ഷയിലാണ് 21 കാരനായ ശുഭം യാദവ് ഒന്നാം റാങ്കോടെ പാസായത്.
2015 ൽ ആരംഭിച്ച ഇസ്ലാമിക് സ്റ്റഡീസിൽ കശ്മീരിന് പുറത്തുനിന്ന് ഒരു വിദ്യാർഥി ഒന്നാം സ്ഥാനം നേടുന്നതും ഇത് ആദ്യമായാണ്. കശ്മീരിലെ പത്രങ്ങളിലെല്ലാം ഇത് വലിയ വാർത്തയായിരുന്നു. ഇസ്ലാം മതത്തെ കുറിച്ച് ഒരുപാട് തെറ്റിദ്ധാരണാജനകമായ കാര്യങ്ങൾ പ്രചരിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് ഇസ്ലാമിക് സ്റ്റഡീസ് പഠിക്കാൻ താൻ തീരുമാനിച്ചതെന്നും ശുഭം യാദവ് പറയുന്നു.
ഇസ്ലാമിനെക്കുറിച്ചും മുസ്ലിങ്ങളെക്കുറിച്ചും നിറംപിടിപ്പിച്ച, പേടിപ്പെടുത്തുന്ന കഥകളാണ് പ്രചരിക്കുന്നതെന്നും ശുഭം യാദവ് പറയുന്നു. സെപ്റ്റംബർ 20 നാണ് പൊതു പരീക്ഷ നടന്നത്. ഒക്ടോബർ 29 ന് ഫലം പ്രസിദ്ധീകരിച്ചു.
Read Also: കെഎഎസ് പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന് ആരോപണം; ഹെെക്കോടതിയിൽ ഹർജി
നേരത്തെ, ഏതാനും അമുസ്ലിം വിദ്യാർഥികൾ ഇസ്ലാമിക് സ്റ്റഡീസിന് എത്തിയിട്ടുണ്ട്. എന്നാൽ, ആദ്യമായാണ് ഒരു അമുസ്ലിം വിദ്യാർഥി ഇസ്ലാമിക് സ്റ്റഡീസ് പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് നേടുന്നതെന്ന് പ്രൊഫ.ഹാമിദ് നസീം പറഞ്ഞു.
ഡൽഹി സർവകലാശാലയിൽ നിന്ന് ഫിലോസഫിക്ക് ബിഎ നേടി. 2017 ൽ പെഹ്ലു ഖാനും, 2018 ൽ അക്ബർ ഏലിയാസ് റക്ബർ ഖാനും ആൾക്കൂട്ട ആക്രമണത്തിനു ഇരയായി കൊല്ലപ്പെട്ട ആൽവാറിൽ നിന്നുള്ള വിദ്യാർഥിയാണ് ശുഭം യാദവ്. ഇത്തരം സംഭവങ്ങൾ തന്നെ ഏറെ ചിന്തിപ്പിച്ചെന്നും ഇസ്ലാം മതത്തെ കുറിച്ച് കൂടുതൽ പഠിക്കാൻ പ്രേരിപ്പിച്ചെന്നും ശുഭം യാദവ് പറയുന്നു.
ഇസ്ലാമിക് ചരിത്രത്തെ കുറിച്ച് സംസ്കാരത്തെ കുറിച്ചും മാതാപിതാക്കളെ പറഞ്ഞു ബോധ്യപ്പെടുത്തിയെന്നും അതിനുശേഷമാണ് പഠനം ആരംഭിച്ചതെന്നും ശുഭം യാദവ് മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ കോളേജ് പഠനകാലത്ത് ഇസ്ലാമിക പഠനങ്ങളിൽ താൽപര്യം വളർത്തിയതായും അറബ് വസന്തം, ഇറാൻ പ്രശ്നങ്ങൾ, ഇസ്ലാമിന്റെ ആദ്യകാല ചരിത്രം, മുഹമ്മദ് നബി എന്നിവരെക്കുറിച്ച് അനൗപചാരികമായി പഠിച്ചിട്ടുണ്ടെന്നും കൂടുതൽ വിശദമായും ഔപചാരികമായും ഇത്തരം വിഷയങ്ങളെ കുറിച്ച് കൂടുതലറിയാൻ ആഗ്രഹിക്കുന്നുവെന്നും യാദവ് പറഞ്ഞു. സിവിൽ പരീക്ഷയ്ക്ക് കൂടി തയ്യാറെടുക്കുകയാണ് ഇപ്പോൾ ശുഭം യാദവ്.