ന്യൂഡല്‍ഹി: ആദിവാസികള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തന്ന റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. ജാര്‍ഖണ്ഡിലെ ഒരു ജില്ലയില്‍  2017 നും 2018 നും ഇടയില്‍ പതിനായിരത്തിലധികം ആദിവാസികള്‍ക്കെതിരേ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തെന്ന വാര്‍ത്തയിലായിരുന്നു വയനാട് എംപിയുടെ പ്രതികരണം. രാജ്യത്തിന്റെ മനസാക്ഷിയെ പിടിച്ചുലയ്‌ക്കേണ്ട റിപ്പോര്‍ട്ടെന്നായിരുന്നു രാഹുല്‍ ട്വീറ്റ് ചെയ്തത്.

”ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ പൊരുതുന്ന പതിനായിരത്തിലധികം ആദിവാസികള്‍ക്കെതിരേ രാജ്യദ്രോഹത്തിന് കേസെടുത്തുവെന്ന വാര്‍ത്ത രാജ്യത്തിന്റെ മനസാക്ഷിയെ പിടിച്ചുലയ്‌ക്കേണ്ടതാണ്. മാധ്യമങ്ങളില്‍ കൊടുങ്കാറ്റായി മാറേണ്ടതാണ്. പക്ഷെ അങ്ങനെ സംഭവിക്കുന്നില്ല. വില്‍ക്കപ്പെട്ട മാധ്യമങ്ങള്‍ക്ക് അവരുടെ ശബ്ദം നഷ്ടമായി. പക്ഷെ പൗരന്മാരെന്ന നിലയില്‍ നമുക്കത് അനുവദിക്കാനാകുമോ?” എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

വാര്‍ത്തയും രാഹുല്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. രഘുബര്‍ ദാസ് സര്‍ക്കാര്‍ പതിനായിരത്തിലധികം ആദിവാസികള്‍ക്കെതിരെ രാജ്യദ്രോഹക്കേസെടുത്തെന്നാണ് വാര്‍ത്ത. ഖുന്‍തി ജില്ലയില്‍ മാത്രമാണ് നടപടി. പതല്‍ഗാഡി പ്രതിഷേധത്തിന്റെ ഭാഗമായവര്‍ക്കെതിരെയാണ് നടപടി.

ഖുന്‍തി ജില്ലയിലെ ആദിവാസി ഗ്രാമങ്ങളില്‍ 2017ലാണു പതല്‍ഗാഡി മൂവ്‌മെന്റിനു തുടക്കമായത്. ആദിവാസിക മേഖലകളുടെ സ്വയംഭരണം ഉറപ്പുനല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ അഞ്ചാം പട്ടിക ഉള്‍പ്പെടെയുള്ളവ ആലേഖനം ചെയ്ത ശിലാഫലകങ്ങള്‍ സ്ഥാപിച്ചുകൊണ്ടായിരുന്നു പതല്‍ഗാഡി മൂവ്‌മെന്റ് ആരംഭിച്ചത്. ഇതിനെതിരേ 14 കേസുകളിലായാണു പതിനായിരം ആദിവാസികള്‍ക്കു രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ഖുന്‍തി ജില്ലയിലെ മൊത്തം ജനസംഖ്യയുടെ രണ്ടു ശതമാനം വരും ഇത്രയും പേര്‍.

പ്രതിഷേധത്തെത്തുടര്‍ന്ന് പൊലീസ് നടപടികളിലും മറ്റും പ്രതിഷേധിച്ച് മേഖലയിലെ ആദിവാസികള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നതിനെ കുറിച്ച് ചിന്തിക്കുകയാണ് ഇപ്പോള്‍.തിരഞ്ഞെടുപ്പ് അടുത്തു നില്‍ക്കെ, പ്രതിഷേധത്തിനെതിരെ സംസ്ഥാന സര്‍ക്കാരിന്റെ പ്രതികരണവും, കുടിയാന്‍ നിയമങ്ങളിലെ ഭേദഗതിക്കുള്ള ശ്രമവുമെല്ലാം ബിജെപിയുടെ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ടെന്നാണ് പാര്‍ട്ടിയിലെ ചിലര്‍ അഭിപ്രായപ്പെടുന്നത്.

പ്രതിഷേധം അരങ്ങേറിയ ഗ്രാമങ്ങളിലൊന്നായ ഘാഗ്ര തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരുന്നു. സര്‍ക്കാര്‍ തങ്ങളെ രാജ്യദ്രോഹികളായി കാണുമ്പോള്‍ പിന്നെന്തിന് വോട്ട് ചെയ്യണമെന്നാണ് അവിടുത്തുകാർ ചോദിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook