ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ യാങ്സെയില്‍ 13,000 അടി ഉയരത്തില്‍ കാലാവസ്ഥയോട് പോരാടി അതിര്‍ത്തി കാക്കുന്ന രാജ്യത്തിന്റെ സൈനികരെ ബഹുമാനിക്കണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. സൈനികരെ കുറിച്ച് അടുത്തിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തില്‍ അതൃപ്തിയും കേന്ദ്രമന്ത്രി രേഖപ്പെടുത്തി.
രാജ്യത്തെ സൈനികര്‍ മര്‍ദനമേല്‍ക്കുന്നു എന്ന തരത്തിലുള്ള പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അരുണാചലിലെ ചൈനീസ് കടന്നുകയറ്റം സംബന്ധിച്ച് ലോകസഭയില്‍ ചർച്ച നടത്തണമെന്ന ആവശ്യം ചെയർമാൻ ജഗ്ദീപ് ധൻഖർ നിരസിച്ചതിനെ തുടർന്ന് രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയ പ്രതിപക്ഷത്തെ വിമര്‍ശിച്ചുകൊണ്ടായിരുന്നു കേന്ദ്രമന്ത്രിയുടെ വാക്കുകള്‍.
“രാഷ്ട്രീയ വിമർശനത്തിൽ ഞങ്ങൾക്ക് പ്രശ്നമില്ല, പക്ഷേ നമ്മുടെ ജവാന്മാരെ അപമാനിക്കരുത്. എന്റെ ധാരണകള്‍ കൂടുതൽ ആഴത്തിലാക്കണമെന്ന് പറയുന്നത് ഞാന്‍ കേട്ടു. ആരാണ് ഉപദേശം നൽകുന്നതെന്ന് കാണുമ്പോൾ എനിക്ക് തലകുനിച്ച് ബഹുമാനിക്കാൻ മാത്രമേ കഴിയൂ,” ജയശങ്കർ പറഞ്ഞു.
അതിർത്തിയിലെ സ്ഥിതിഗതികൾ വഷളാകാതിരിക്കാന്‍ സർക്കാർ ഉചിതമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന പ്രതിപക്ഷത്തിന്റെ വിമർശനത്തോടും ജയശങ്കര്‍ പ്രതികരിച്ചു. “ചൈനയോട് നിസംഗമായ മനോഭാവമായിരുന്നെങ്കില്‍ പിന്നെ ആരാണ് സൈന്യത്തെ അതിര്‍ത്തിയിലേക്ക് അയച്ചത്. എന്തിനാണ് ചൈനയുമായുള്ള ബന്ധം സാധരണ നിലയിലല്ലെന്ന് പരസ്യമായി പറയുന്നത്,” ജയശങ്കര്‍ ചോദിച്ചു.
അതിനിടെ, കേന്ദ്രമന്ത്രി പിയൂഷ് ഗോയലും പ്രതിപക്ഷം “തടസം സൃഷ്ടിക്കുന്നവരെ” പോലെ പെരുമാറുന്നുവെന്നും പാർലമെന്റിന്റെ പ്രവർത്തനത്തിലെ നിയമങ്ങളിലും ചട്ടങ്ങളിലും വിശ്വസിക്കുന്നില്ലെന്നും പറഞ്ഞു.
“ഇന്ന് രാജ്യസഭയിൽ, പ്രതിപക്ഷ പാർട്ടികളിൽ നിന്നുണ്ടായത് നിരാശയുണ്ടാക്കുന്ന കാര്യങ്ങളാണ്. പാർലമെന്റിന്റെ പ്രവർത്തനത്തിലെ നിയമങ്ങളിലും ചട്ടങ്ങളിലും പോലും അവർ വിശ്വസിക്കാത്ത തലത്തിലായിരുന്നു അവരുടെ രീതികള്‍. അവർ ചെയറിന്റെ തീരുമാനങ്ങളും നിരീക്ഷണങ്ങളും പോലും നിഷേധിക്കുകയാണ്,” പിയൂഷ് ഗോയല്‍ പറഞ്ഞു.