ന്യൂഡല്‍ഹി: ബാലാക്കോട്ടില്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണത്തെക്കുറിച്ച് തെളിവുകള്‍ ചോദിച്ച പ്രതിപക്ഷ പാര്‍ട്ടികളെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര മന്ത്രി വി.കെ സിങ്. ‘പൊതുവായി പറയുന്നു’ എന്ന ഹാഷ് ടാഗോടെ ട്വിറ്ററിലായിരുന്നു വി.കെ സിങിന്റെ പരിഹാസം.

‘ഞാന്‍ ഹിറ്റ് ഉപയോഗിക്ക് അവയെ കൊന്നു. ഞാനിപ്പോള്‍ കൊല്ലപ്പെട്ട കൊതുകുകളുടെ കണക്കെടുക്കണോ അതോ സുഖമായി കിടന്നുറങ്ങണോ?’ എന്നായിരുന്നു മുന്‍ സൈന്യ തലവന്റെ പരിഹാസ ട്വീറ്റ്.

ആക്രമണത്തില്‍ 250ല്‍ അധികം ഭീകരര്‍ കൊല്ലപ്പെട്ടു എന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ പരാമര്‍ശം വലിയ പ്രതിപക്ഷ പ്രതികരണങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സര്‍ക്കാര്‍ വിഷയത്തെ രാഷ്ട്രീയവത്കരിക്കുന്നുവെന്നും കൊല്ലപ്പെട്ടവരുടെ രഹസ്യവിവരം അമിത് ഷായ്ക്ക് എങ്ങനെ ലഭിച്ചു എന്നുമെല്ലാം വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു.

വ്യോമാക്രമണത്തില്‍ സാരമായ നാശനഷ്ടങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അമിത് ഷായ്ക്ക് എങ്ങനെയാണ് കൊല്ലപ്പെട്ടവരുടെ കണക്ക് ലഭിച്ചതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കോണ്‍ഗ്രസ് നേതാവ് കപില്‍ സിപലും ചോദിച്ചിരുന്നു.

വ്യോമാക്രമണത്തെ സംബന്ധിച്ച് കോണ്‍ഗ്രസ് തെളിവുകള്‍ ചോദിച്ചിരുന്നു. ഈ നിലപാടിനേയും വി.കെ സിങ് തള്ളിയിരുന്നു. കോണ്‍ഗ്രസ് വെറുതെ സമയം കളയുകയാണെന്നും 1947ന് ശേഷമുള്ള ഏതെങ്കിലും യുദ്ധത്തെക്കുറിച്ച് ഇന്നുവരെ ആര്‍ക്കെങ്കിലും എന്തെങ്കിലും തെളിവുകള്‍ ലഭിച്ചിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചിരുന്നു.

കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ദയവായി ഈ സമയത്ത് തെളിവുകള്‍ ചോദിക്കുന്നതിന് പകരം വ്യോമസേനയെ വിശ്വസിക്കണമെന്ന് പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍, നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ