ന്യൂഡല്‍ഹി: അസം ദേശീയ പൗരത്വ റജിസ്റ്റര്‍ (എന്‍ആര്‍സി) വിഷയത്തില്‍ മാധ്യമങ്ങളോട് സംസാരിച്ച രണ്ട് ഉയര്‍ന്ന ഉദ്യോഗസ്ഥരെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. സുപ്രീം കോടതിയുടെ അനുമതിയില്ലാതെ സംസാരിച്ചതിനാണ് കോടതിയുടെ വിമര്‍ശനം. ‘നിങ്ങള്‍ കോടതിയുടെ കീഴിലുളള ഉദ്യോഗസ്ഥരാണെന്ന് മറക്കരുത്. ഉത്തരവുകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് നിങ്ങളുടെ ഉത്തരവാദിത്തം. മാധ്യമങ്ങളോട് സംസാരിക്കാന്‍ നിങ്ങള്‍ക്കാരാണ് അനുവാദം തന്നത്’, കോടതി ചോദിച്ചു.

എന്‍ആര്‍സി കോഡിനേറ്ററായ പ്രതീക് ഹജേല, റജിസ്ട്രാര്‍ ജനറല്‍ സൈലേഷ് എന്നിവരായിരുന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിച്ചത്. മാധ്യമങ്ങളോട് സംസാരിച്ചത് കോടതിയലക്ഷ്യമായി പരിഗണിക്കാന്‍ കഴിയുമെന്നും കോടതി വ്യക്തമാക്കി. ജയിലിലേക്ക് അയക്കാന്‍ പോന്ന കുറ്റമാണ് ഇരുവരും ചെയ്തതെന്നും വലിയ പണി ബാക്കിയുളളത് കൊണ്ട് അത് ചെയ്യുന്നില്ലെന്നും കോടതി വ്യക്തമാക്കി. പട്ടികയില്‍ നിന്ന് പുറത്തായവരെല്ലാം കുടിയേറ്റക്കാരാണെന്ന് പറയാനാവില്ലെന്നാണ് ഇരുവരും മാധ്യമങ്ങളോട് പറഞ്ഞത്.

അസമിലെ ദേശീയ പൗരത്വ റജിസ്റ്ററിന്റെ അന്തിമ കരട് പട്ടികയിൽനിന്ന് 40 ലക്ഷത്തോളം പേർ പുറത്തായത് വിവാദമായിരുന്നു. ബംഗ്ലാദേശില്‍ നിന്നുളള കുടിയേറ്റക്കാരാണെന്ന് കാണിച്ചാണ് ഇവരുടെ പൗരത്വം സര്‍ക്കാര്‍ തള്ളിക്കളയുന്നത്. തെളിവായി ഹാജരാക്കാനുളള രേഖകള്‍ ഇല്ലെന്ന കാരണം കാട്ടിയാണ് തങ്ങളെ പട്ടികയില്‍ നിന്ന് പുറംതള്ളിയതെന്നും പൗരത്വം തെളിയിക്കാന്‍ കൃത്യമായ അവസരം ലഭിച്ചില്ലെന്നും ജനങ്ങള്‍ ആരോപിച്ചിരുന്നു.

1971 ന് ശേഷം ബംഗ്ലാദേശില്‍ നിന്നും കുടിയേറിയവരെയാണ് പൗരത്വ റജിസ്ട്രേഷന്‍ പട്ടിക ബാധിക്കുക. കഴിഞ്ഞ ഡിസംബര്‍ 31ന് അര്‍ധരാത്രിയാണ് അസമിലെ ദേശീയ പൗരത്വ റജിസ്റ്ററിന്റെ ആദ്യ കരട് പട്ടിക പുറത്ത് വിട്ടിരുന്നത്. ഈ പട്ടികയില്‍ സംസ്ഥാനത്ത് ആകെയുള്ള 3.29 കോടി ജനങ്ങളില്‍ 1.9 കോടി പേര്‍ ഇടം പിടിച്ചിരുന്നു. അവശേഷിക്കുന്ന ഒന്നരക്കോടി ജനങ്ങളില്‍ 40 ലക്ഷം പേരെയാണ് ഇപ്പോള്‍ പട്ടികയ്ക്ക് പുറത്താക്കിയിരിക്കുന്നത്.

ജൂണ്‍ 30 ആയിരുന്നു പൗരത്വ റജിസ്റ്ററിന്റെ അന്തിമ കരട് പ്രസിദ്ധീകരിക്കാന്‍ സുപ്രീം കോടതി അനുവദിച്ചിരുന്ന അവസാന തീയതി. എന്നാല്‍ സംസ്ഥാനത്തുണ്ടായ കനത്ത വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഇത് ഒരുമാസം കൂടി നീട്ടി നല്‍കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook