ന്യൂഡൽഹി: പുതിയ സിബിഐ ഡയറക്ടറുടെ നിയമനം ഉടനുണ്ടായേക്കും. മൂന്നു പേരാണ് അന്തിമ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഇവരിൽനിന്നും ഒരാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സെലക്ഷൻ സമിതി തിരഞ്ഞെടുക്കും. ഇന്നത്തെ സെലക്ഷൻ സമിതിയിൽ അന്തിമ തീരുമാനം ഉണ്ടായേക്കുമെന്നാണ് വിവരം. സിബിഐ ഡയറക്ടർ നിയമനം വൈകുന്നതിനെതിരെ സുപ്രീം കോടതി അതൃപ്തി അറിയിച്ചിരുന്നു. ഇതോടെയാണ് ഡയറക്ടറെ നിയമിക്കാനുള്ള നടപടികൾ വേഗത്തിലാക്കിയത്.

മുതിർന്ന ഐപിഎസ് ഓഫിസർമാരായ രജനികാന്ത് മിശ്ര, ജാവേദ് അഹമ്മദ്, എസ്.എസ്.ദേശ്വാൾ, ശിവാനന്ദ് ഝാ എന്നിവർക്കാണ് പരിഗണനയെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ഇവരിൽ ആരായിരിക്കും സിബിഐ ഡയറക്ടറാവുക എന്നത് സംബന്ധിച്ച തീരുമാനം എടുത്തിട്ടില്ലെന്നും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞതായി റിപ്പോർട്ടിലുണ്ട്.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിമിനോളജി ആന്റ് ഫൊറൻസിക് സയൻസസ് മേധാവിയാണ് ഇപ്പോൾ ജാവേദ് അഹമ്മദ്. 1984 ബാച്ച് യുപി കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ്. 1984 ബാച്ച് ഉദ്യോഗസ്ഥനായ മിശ്ര ബിഎസ്എഫ് മേധാവിയാണ്. എസ്.എസ്.ദേശ്വാൾ 1984 ബാച്ച് ഹരിയാന കേഡർ ഉദ്യോഗസ്ഥനാണ്. ഇപ്പോൾ ഇന്തോ-ടിബറ്റൻ ബോർഡർ ഫോഴ്സ് ഡയറക്ടർ ജനറലാണ്. 1983 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഝാ ഗുജറാത്ത് പൊലീസ് മേധാവിയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പുറമേ കോൺഗ്രസ് ലോക്സഭ കക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെ, ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് എന്നിവരാണ് സെലക്ഷൻ സമിതിയിലെ മറ്റംഗങ്ങൾ. സെലക്ഷൻ സമിതി 10 ദിവസത്തിനിടെ രണ്ടാം തവണയാണ് ഇന്നലെ ചേർന്നത്. ജനുവരി 25 നാണ് ആദ്യം ചേർന്നത്. ഇന്നലത്തെ യോഗത്തിൽ ജാവേദ് അഹമ്മദിനെ നിയമിക്കണമെന്ന് മല്ലിഗാർജ്ജുൻ ഖാർഗെ ആവശ്യപ്പെട്ടെങ്കിലും പ്രധാനമന്ത്രി തള്ളി. അതിനാൽ തന്നെ രജനികാന്ത് മിശ്ര, എസ്.എസ്.ദേശ്വാൾ എന്നിവരിൽ ആരെങ്കിലുമാകും സിബിഐ തലപ്പത്തേക്ക് എത്തുക.

താൽക്കാലിക സിബിഐ ഡയറക്ടറായി എം.നാഗേശ്വര റാവു തുടരുന്നതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ ഭാഗത്തുനിന്നും വിമർശനമുണ്ടായത്. ജനുവരി 31 ഓടെ സിബിഐ ഡയറക്ടറുടെ കാലാവധി തീർന്നിരുന്നു. നാഗേശ്വര റാവു സിബിഐ താൽക്കാലിക ഡയറക്ടറായി ഇപ്പോഴും തുടരുകയാണ്. എന്തുകൊണ്ടാണ് സ്ഥിരം സിബിഐ ഡയറക്ടറെ നിയമിക്കാത്തതെന്നും ഇതു ശരിയായ നടപടിയല്ലെന്നും എത്രയും പെട്ടെന്ന് സിബിഐ ഡയറക്ടറെ നിയമിക്കണമെന്നും അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

ജനുവരി 10 നാണ് കാലാവധി തീരുന്നതിനു മുൻപേ അലോക് വർമ്മയെ സിബിഐ തലപ്പത്തുനിന്നും മാറ്റിയത്. പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിന്‍റേതായിരുന്നു തീരുമാനം. എന്‍.നാഗേശ്വര റാവുവിനാണ് താല്‍ക്കാലിക ചുമതല നൽകിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook