ന്യൂഡൽഹി: രാജ്യത്ത് 1,400 ലധികം ഐഎഎസ് ഓഫിസർമാരുടെയും 900 ലധികം ഐപിഎസ് ഓഫിസർമാരുടെയും കുറവുണ്ടെന്ന് സർക്കാർ. 6,396 ഐഎഎസ് ഓഫിസർമാരാണ് ആകെ വേണ്ടത്. എന്നാൽ നിലവിൽ 4,926 പേർ മാത്രമാണുളളത്. 1,470 പേരുടെ ഒഴിവാണ് നികത്താനുളളത്. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ലോക്‌സഭയിൽ ഉയർന്ന ചോദ്യത്തിനുളള മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്. ബിഹാറിലാണ് ഏറ്റവും കൂടുതൽ ഒഴിവുകൾ, 128 എണ്ണം. ഉത്തർപ്രദേശിൽ 117 ഉം ബംഗാളിൽ 101 ഐഎഎസ് ഓഫിസർമാരുടെ ഒഴിവുകളുണ്ടെന്നും ജിതേന്ദ്ര സിങ് പറഞ്ഞു.

ഐഎഎസ് പോലെതന്നെ 908 ഐപിഎസ് ഓഫിസർമാരുടെയും ഒഴിവുകളുണ്ട്. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ ഒഴിവുളളത്, 114 എണ്ണം. പശ്ചിമ ബംഗാളിൽ 88 ഉം ഒഡീഷയിൽ 79 ഉം കർണാടകയിൽ 72 ഉം ബിഹാറിൽ 43 ഉം ഒഴിവുകളുണ്ട്. ഐഎഫ്എസ് ഓഫിസർമാരുടെയും ഒഴിവുകളുണ്ട്. 560 ഒഴിവുകളാണുളളത്. അതിൽ ഏറ്റവും കൂടുതൽ മഹാരാഷ്ട്രയിലാണ്, 46 എണ്ണം. മധ്യപ്രദേശിലും തമിഴ്നാട്ടിലും ഒഡീഷയിലും 45 ഒഴിവുകൾ വീതമുണ്ട്.

ഐഎഎസ് ഓഫിസർമാരുടെ എണ്ണത്തിൽ വന്നിരിക്കുന്ന കുറവിൽ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി അടുത്തിടെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഒഴിവുകൾ നികത്തുന്നതിനാവശ്യമായ നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്നും നിർദേശിച്ചിരുന്നു. ഐഎഎസ് ഓഫിസർമാരുടെ അഭാവം സംസ്ഥാന സർക്കാരുടെ ഭരണത്തെ ബാധിക്കുമെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ