ചെന്നൈ: അവിഹിത സ്വത്ത് സമ്പാദ കേസില്‍ ശശികലയ്ക്ക് എതിരായ വിധി വന്ന് ഒരു മണിക്കൂർ കഴിഞ്ഞപ്പോഴാണ് ശശികല പളനിസ്വാമിയെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്ത് പുതിയ അടവ് പുറത്തെടുത്തത്. ജയലളിതയ്ക്കും ശശികലയ്ക്കും എന്നും വിശ്വസ്തനായിരുന്നു പളനിസ്വാമി.

ജയലളിതയുടെ വിശ്വസ്തന്മാരില്‍ പ്രമുഖരായിരുന്നു കാവല്‍ മുഖ്യമന്ത്രിയായ പനീര്‍ശെല്‍വവും പളനിസ്വാമിയും. പെട്ടെന്ന് ദേശ്യം പിടിക്കുന്ന സ്വഭാവക്കാരനായ പളനിസ്വാമി ജയലളിതയെ പോലെ തന്നെ പാര്‍ട്ടിയില്‍ പ്രാമാണിത്വ പെരുമാറ്റം കൊണ്ട് ശ്രദ്ധേയനായ ആളാണ്. ജയലളിതയുടെ മരണശേഷം ശശികലാ ക്യാമ്പിന്റെ നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചതിൽ ഒരാൾ പളനിസ്വാമിയായിരുന്നു. ഒടുവിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്നതിലും അതെത്തി. സേലം നിയോജകമണ്ഡലത്തിലെ എടപ്പാടി എം.എൽ.എയാണ് പഴനിസ്വാമി.

1989ലാണ് എടപ്പാടി പൂലംപട്ടി നെടുങ്കുളം സിലുവപാളയം സ്വദേശിയായ പഴനിസ്വാമിയെ ജയലളിത ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചത്. അന്ന് മികച്ച വിജയം നേടിയ പഴനിസ്വാമി 91ലും 2011ലും 2016ലും ഇടപ്പാടി എം.എൽ.എയായി. ബി.എസ്.സിക്കാരനായ പഴനിസ്വാമി കർഷക കുടുംബത്തിലാണ് ജനിച്ചത്. എം.ജി.ആറിന്റെ ആശയങ്ങളിൽ ആകൃഷ്ടനായ പഴനിസ്വാമി തുടക്കം മുതൽ തന്നെ എ.ഐ.എ.ഡി.എം.കെയുടെ സജീവ പ്രവർത്തകനാണ്. ഏഴു കോടി രൂപയുടെ സ്വത്തുക്കളുള്ള പഴനിസ്വാമി പാർട്ടിയിലെ കോടീശ്വരന്മാരിൽ ഒരാളാണ്.

തമിഴ്നാട്ടിൽ അണ്ണാ ഡി.എം.കെയുടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ടതോടെ പളനിസ്വാമി വൈകിട്ട് 5.30ഓടെ ഗവർണർ വിദ്യാസാഗർ റാവുവിനെ കാണും. പൊതുമരാമത്ത്- തുറമുഖ വകുപ്പ് മന്ത്രിയായ പളനിസ്വാമിയോട് ഒറ്റയ്ക്ക് രാജ്ഭവനിലെത്താനാണ് ഗവര്‍ണര്‍ അനുമതി നല്‍കിയതെന്നാണ് സൂചന.

ഗവർണറുമായുള്ള കൂടിക്കാഴ്ചയിൽ സർക്കാരുണ്ടാക്കാനുള്ള അവകാശവാദം പളനിസ്വാമി ഉന്നയിക്കും. ഭൂരിപക്ഷം എം.എൽ.എ.മാരും തനിക്കൊപ്പമാണെന്നതിനുള്ള കത്തും ഗവർണർക്ക് കൈമാറും. ഇന്ന് കൂവത്തൂരിലെ റിസോർട്ടിൽ കഴിയുന്ന എം.എൽ.എമാർ യോഗം ചേർന്നാണ് എടപ്പാടിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ