ന്യൂഡല്‍ഹി: ‘പീഡനം അവള്‍ ചോദിച്ച് വാങ്ങുകയായിരുന്നു’, ഒരു പെണ്‍കുട്ടി ലൈംഗികപീഡനത്തിന് ഇരയായാല്‍ പലപ്പോഴും ആണധികാര ശക്തികള്‍ പറയുന്ന പ്രസ്താവനകള്‍ ഇപ്രകാരമായിരിക്കും. പീഡനം ഏല്‍ക്കേണ്ടി വന്ന പെണ്‍കുട്ടിയെ പിന്നീട് ഇത്തരം വാക്കുകളിലൂടെ വീണ്ടും ബലാത്സംഗം ചെയ്യുകയാണ് ചെയ്യുന്നത്. പീഡനത്തിന് ഇരയാവാന്‍ കാരണം പെണ്‍കുട്ടിയുടെ വസ്ത്രധാരണ രീതിയാണെന്ന് പറഞ്ഞ് പീഡനങ്ങളെ ന്യായീകരിക്കുന്ന പ്രവണതയും കണ്ടുവരാറുണ്ട്.

ഇത്തരം പ്രവണതകള്‍ക്കും പ്രസ്താവനകള്‍ക്കും എതിരെ ഡല്‍ഹി വനിതാ കമ്മീഷനിലെ പുരുഷ അംഗങ്ങള്‍ പ്രതിഷേധം സംഘടിപ്പിച്ചു. കുട്ടി വസ്ത്രങ്ങള്‍ മാത്രം അണിഞ്ഞ് തലസ്ഥാന നഗരിയിലൂടെ മാര്‍ച്ച് നടത്തിയാണ് വ്യത്യസ്തമായ പ്രതിഷേധം സംഘടിപ്പിച്ചത്. ‘ബലാത്സംഗം നിര്‍ത്തൂ’ എന്ന ക്യാംപെയിന്‍ സംഘടിപ്പിച്ച പുരുഷ അംഗങ്ങള്‍ ഷോര്‍ട്സും ബോക്സറുകളും ധരിച്ച് ‘വസ്ത്രമല്ല ബലാത്സംഗത്തിന് കാരണമാകുന്നത്, കേടുളള ചിന്താഗതിയാണ്’, എന്ന പ്ലക്കാര്‍ഡുകളുമായി തെരുവിലിറങ്ങി.

ജനുവരിയില്‍ എട്ട് വയസുകാരി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് വനിതാ കമ്മീഷന്‍ ക്യാംപെയിന്‍ ആരംഭിച്ചത്. ‘എട്ട് വയസുകാരി നിങ്ങളെ പ്രലോഭിപ്പിക്കുന്ന വസ്ത്രമാണോ ധരിച്ചത്’ എന്നതടക്കമുളള പ്ലക്കാര്‍ഡുകളുമായി പ്രതിഷേധക്കാര്‍ മാണ്ടി ഹൗസില്‍ നിന്നും സെന്‍ട്രല്‍ പാര്‍ക്കിലേക്ക് മാര്‍ച്ച് നടത്തി. #ബോക്സര്‍റാലിയില്‍ നിരവധി ചെറുപ്പക്കാരാണ് പങ്കെടുത്തത്. ലൈംഗികപീഡനങ്ങളില്‍ ജനങ്ങള്‍ കാണിക്കുന്ന നിസംഗതയക്ക് എതിരേയും മാര്‍ച്ചില്‍ പ്രതിഷേധിച്ചു. പീഡനക്കാര്‍ക്കെതിരെ ശക്തമായ നടപടിയും പീഡനം നടന്ന് ആറ് മാസത്തിനകം പ്രതിയ്ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും പ്രതിഷേധത്തില്‍ ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook