/indian-express-malayalam/media/media_files/2025/12/18/delhi-mumbai-expressway-2025-12-18-08-38-10.jpg)
എക്സ്പ്രസ് ഫയൽ ചിത്രം
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നായ ഡൽഹി-മുംബൈ എക്സ്പ്രസ് വേ നിർമ്മാണം പാതിവഴിയിൽ. ഗുജറാത്തിലെ വെറും 87 കിലോമീറ്റർ ദൂരത്തെ നിർമ്മാണ ജോലികളിലുണ്ടായ അപ്രതീക്ഷിത കാലതാമസമാണ് ഒരു ലക്ഷം കോടി രൂപയുടെ ഈ ബൃഹദ് പദ്ധതിയുടെ പൂർത്തീകരണത്തിന് തിരിച്ചടിയാകുന്നത്. കഴിഞ്ഞ നാല് വർഷമായി ഇഴഞ്ഞുനീങ്ങുന്ന ഈ ഭാഗത്തെ നിർമ്മാണം കാരണം പദ്ധതിയെന്ന് പൂർത്തിയാകുമെന്ന കാര്യത്തിൽ ഉറപ്പില്ല.
ഗുജറാത്തിലെ വഡോദര-വിരാർ സെക്ഷനിലെ മൂന്ന് പാക്കേജുകളുടെ നിർമ്മാണമാണ് പ്രതിസന്ധിയിലായത്. പുണെ ആസ്ഥാനമായുള്ള 'റോഡ്‌വേ സൊല്യൂഷൻസ് ഇന്ത്യ ഇൻഫ്രാ ലിമിറ്റഡ്' എന്ന കമ്പനിക്കാണ് ഈ 87 കിലോമീറ്റർ ദൂരത്തിന്റെ കരാർ നൽകിയിരുന്നത്. എന്നാൽ നാല് വർഷം പിന്നിട്ടിട്ടും ഇവിടെ വെറും 20 ശതമാനം ജോലികൾ മാത്രമാണ് പൂർത്തിയായിട്ടുള്ളത്.
നിർമ്മാണ പ്രവർത്തനങ്ങളിലെ മെല്ലെപ്പോക്ക് കാരണം 2021-ൽ ഈ കമ്പനിക്ക് നൽകിയ കരാർ 2023 മാർച്ചിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ റദ്ദാക്കിയിരുന്നു. എന്നാൽ തുടർന്നുണ്ടായ പുനർ ലേലത്തിൽ ഇതേ കമ്പനി തന്നെ ഏറ്റവും കുറഞ്ഞ തുകയ്ക്ക് കരാർ വീണ്ടും നൽകേണ്ടി വന്നു. നിയമപരമായ സാങ്കേതികതകൾ കാരണം കമ്പനിയെ മാറ്റിനിർത്താൻ കഴിഞ്ഞില്ലെന്നാണ് എൻഎച്ച്എഐ അധികൃതർ നൽകുന്ന വിശദീകരണം.
നിർമ്മാണത്തിൽ പുരോഗതിയില്ലാത്തതിനെത്തുടർന്ന് കമ്പനിക്ക് നോട്ടീസ് നൽകാനും കരാർ റദ്ദാക്കാനുമുള്ള നീക്കത്തിലാണ് അധികൃതർ. എന്നാൽ സ്ഥലം ഏറ്റെടുത്ത് നൽകുന്നതിൽ ഹൈവേ അതോറിറ്റി വരുത്തിയ വീഴ്ചയാണ് ജോലികൾ വൈകാൻ കാരണമെന്ന് കമ്പനി ഡയറക്ടർ നവ്ജീത് ഗധോക്കെ ആരോപിച്ചു. അതേസമയം, കരാർ ലംഘനങ്ങളും നിയമതർക്കങ്ങളുമാണ് പ്രശ്നമെന്നാണ് ഉദ്യോഗസ്ഥരുടെ പക്ഷം.
Also Read: ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാതാ വിലക്ക് വീണ്ടും നീട്ടി പാക്കിസ്ഥാൻ
ഡൽഹി മുതൽ മുംബൈ വരെയുള്ള 1,386 കിലോമീറ്റർ ദൂരത്തെ യാത്രാസമയം പകുതിയായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ എക്സ്പ്രസ് വേ വിഭാവനം ചെയ്തിരിക്കുന്നത്. ഡൽഹി, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന പാതയുടെ ഭൂരിഭാഗം ജോലികളും തീരാറായിരിക്കെയാണ് ഗുജറാത്തിലെ ഈ ചെറിയ ഭാഗം വില്ലനായിരിക്കുന്നത്.
നിശ്ചിത സമയത്തിനുള്ളിൽ പണി തീർത്തില്ലെങ്കിൽ കരാർ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തുന്നതടക്കമുള്ള കർശന നടപടികളിലേക്ക് നീങ്ങാനാണ് ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം.
Read More: ബോണ്ടി ബീച്ച് വെടിവയ്പ്പ്; പ്രതി നവീദ് അക്രത്തിനെതിരെ 59 കുറ്റങ്ങൾ ചുമത്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us