/indian-express-malayalam/media/media_files/2026/02/03/deepak-uttarakhand-2026-02-03-11-32-45.jpg)
ദീപക്
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ പൗരി ഗർവാളിൽ മുസ്ലിം വയോധികന്റെ കടയുടെ പേര് മാറ്റാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ സംഘത്തെ സധൈര്യം നേരിട്ട ദീപക് കുമാറിന് ഹൃദയസ്പർശിയായ പിന്തുണ. 'എന്റെ പേര് മുഹമ്മദ് ദീപക്' എന്ന് പ്രഖ്യാപിച്ച് വർഗീയ വിദ്വേഷത്തിനെതിരെ നിലകൊണ്ട ദീപക്കിന്റെ നടപടിക്ക് പിന്നാലെ, തങ്ങളുടെ കടയുടെ പേര് മാറ്റേണ്ടതില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കടയുടമയായ വക്കീൽ അഹമ്മദും കുടുംബവും.
കഴിഞ്ഞ ജനുവരി 26-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോട്ടദ്വാറിൽ 'ബാബ സ്‌കൂൾ ഡ്രസ്സ്' എന്ന സ്ഥാപനം നടത്തുന്ന 70 വയസ്സുകാരനായ വക്കീൽ അഹമ്മദിനെ ഒരു സംഘം ബജ്രംഗ് ദൾ പ്രവർത്തകർ വളയുകയായിരുന്നു. കടയുടെ പേരിൽ 'ബാബ' എന്ന വാക്ക് ഉപയോഗിക്കുന്നത് ഹിന്ദു വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ചായിരുന്നു ഭീഷണി. കടയുടെ പേര് മാറ്റണമെന്നും അല്ലാത്തപക്ഷം കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും സംഘം മുന്നറിയിപ്പ് നൽകി.
സമീപത്ത് ജിം നടത്തുന്ന ദീപക് കുമാർ ഈ വിവരം അറിഞ്ഞ ഉടൻ സ്ഥലത്തെത്തുകയും വയോധികനെതിരെയുള്ള അതിക്രമം ചോദ്യം ചെയ്യുകയും ചെയ്തു. മറ്റുള്ളവർക്ക് അവരുടെ സ്ഥാപനങ്ങൾക്ക് 'ബാബ' എന്ന് പേരിടാമെങ്കിൽ എന്തുകൊണ്ട് അഹമ്മദിന് പാടില്ല എന്ന് ദീപക് ചോദിച്ചു.
Also Read: ഒഡീഷയിൽ വൻ ബാങ്ക് കവർച്ച; സെക്യൂരിറ്റി ഇല്ലാത്ത ബാങ്കിൽനിന്ന് 5 കോടിയുടെ സ്വർണം കൊള്ളയടിച്ചു
ഇതിനിടെ ദീപക്കിന്റെ പേര് ചോദിച്ച സംഘത്തിന് നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായത്. 'എന്റെ പേര് മുഹമ്മദ് ദീപക്' എന്നായിരുന്നു ദീപക്കിന്റെ മറുപടി. എല്ലാവരും നിയമത്തിന് മുന്നിൽ തുല്യരാണെന്നും മാനുഷികമായ പരിഗണനയാണ് മതത്തേക്കാൾ വലുതെന്നും അദ്ദേഹം പിന്നീട് വ്യക്തമാക്കി.
സംഭവത്തിന് പിന്നാലെ ദീപക്കിനെതിരെയും കടയുടമയ്‌ക്കെതിരെയും ഹിന്ദുത്വ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ദീപക്കിന്റെ ജിമ്മിന് മുന്നിൽ സംഘടിച്ചവർ മുദ്രാവാക്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ തന്റെ നിലപാടിൽ മാറ്റമില്ലെന്ന് ദീപക് ഉറപ്പിച്ചു പറഞ്ഞു.
30 വർഷമായി ഞങ്ങൾ ഈ പേരിൽ കട നടത്തുകയാണ്. ഇപ്പോൾ കുറച്ചുപേർ വന്ന് പേര് മാറ്റണമെന്ന് ആവശ്യപ്പെടുമ്പോൾ ഞങ്ങളെന്തിന് അത് ചെയ്യണം? എല്ലാവരും ഞങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. ഇപ്പോൾ ഈ പേര് മാറ്റേണ്ട സാഹചര്യമില്ല- വക്കീൽ അഹമ്മദിന്റെ മകൻ പറഞ്ഞു.
Also Read: ഇന്ധന സ്വിച്ചിൽ തകരാർ: എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി
സംഭവത്തിൽ വക്കീൽ അഹമ്മദിന്റെ പരാതിയിൽ കണ്ടാലറിയാവുന്ന ഏതാനും പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം ദീപക്കിനും സുഹൃത്തിനും എതിരെയും നാട്ടുകാരുടെ പരാതിയിൽ മറ്റൊരു എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്.വർഗീയതയ്‌ക്കെതിരെയും വിവേചനത്തിനെതിരെയും ഒറ്റയ്ക്ക് പോരാടിയ ദീപക് കുമാർ ഇന്ന് രാജ്യമെമ്പാടും ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.
Read More:കേന്ദ്ര ബജറ്റ് 2026: ആദായനികുതി നിയമത്തിൽ വൻ അഴിച്ചുപണി, എന്തൊക്കെ മാറ്റങ്ങൾ ? അറിയാം വിശദമായി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us