ശ്രീനഗർ: ഷോപ്പിയാൻ വെടിവയ്‌പിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ടും സ്വീകരിച്ച സൈനിക നടപടികളും സംബന്ധിച്ച് വിശദമായ വിവരങ്ങൾ ഹാജരാക്കാൻ ദേശീയ മനുഷ്യാവകാശ കമ്മിഷൻ കേന്ദ്ര പ്രതിരോധ വകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ഈ വർഷം ജനുവരി 27 ന് കശ്മീരിലെ ഷോപ്പിയാനിൽ അക്രമാസക്തരായ ജനക്കൂട്ടം സൈനികർക്ക് നേരെ നടത്തിയ കല്ലേറും ആക്രമണങ്ങളും ഉണ്ടായ സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച് ദേശീയ മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട്ട് തേടിയിരിക്കുന്നത്.

കശ്മീരടക്കം രാജ്യത്തിന് അകത്ത് അക്രമബാധിത പ്രദേശങ്ങളിലെല്ലാം കർമ്മനിരതരായിരിക്കുന്ന സൈനികരുടെ മാനുഷികമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന വാദം പരിഗണിച്ചാണ് കമ്മിഷൻ ഷോപ്പിയാൻ സംഭവത്തിലെ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ഷോപ്പിയാനിൽ നടന്ന അക്രമത്തിനിടെ പൊലീസും പട്ടാളവും നടത്തിയ വെടിവയ്‌പിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്തു. ഇവർ മൂവരും പ്രതിഷേധ സംഘത്തിൽ പെട്ടവരായിരുന്നു.

മൂന്ന് സൈനികരുടെ മക്കളാണ് ഇവിടെ സൈനികരുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നതായി കാണിച്ച് ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചിരിക്കുന്നത്.

പത്രവാർത്തകളെ അടിസ്ഥാനപ്പെടുത്തി, യാതൊരു പ്രകോപനവും ഇല്ലാതെയാണ് സൈനിക സംഘങ്ങളെ ജനക്കൂട്ടം ആക്രമിച്ചതെന്നാണ് പരാതിക്കാർ പറഞ്ഞിരിക്കുന്നത്. ഓരോ ദിവസവും ഉണ്ടായ അക്രമ സംഭവങ്ങളുടെ വിശദമായ കണക്കും ഇതോടൊപ്പം സമർപ്പിച്ചിരുന്നു.

സൈനികരുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ഇന്ത്യൻ സൈന്യവും പരാജയപ്പെട്ടെന്ന് കുട്ടികൾ പറഞ്ഞു. സർക്കാർ നിർദ്ദേശത്തെ തുടർന്ന് കശ്മീരിലെ സർക്കാർ പ്രതിഷേധക്കാർക്ക് എതിരായ കേസുകൾ റദ്ദാക്കിയതിനെയും കുറ്റപ്പെടുത്തി. നാലാഴ്ചക്കകം കേന്ദ്ര പ്രതിരോധ വകുപ്പ് സെക്രട്ടറി ഈ വിഷയത്തിൽ നിലപാട് അറിയിക്കണം.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ