ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ യാസിന്‍ യാതു അടക്കം മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു. എന്നാല്‍ ഭീകരരുടെ ആക്രമണത്തില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലിനിടെയാണ് ഭീകരര്‍ ആക്രമിച്ചത്.

ബുര്‍ഹാന്‍ വാനിയുടെ വധത്തിന് ശേഷം പ്രദേശത്ത് സൈന്യം നേടുന്ന വലിയ നേട്ടമാണ് യാതുവിന്റെ മരണം. ഇന്നലെ രാത്രി പരിശോധന നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ത്തതായി പൊലീസ് ഉദ്യോഗസ്ഥന്‍ പിടിഐയോട് വ്യക്തമാക്കി. സംഭവത്തില്‍ അഞ്ച് സൈനികര്‍ക്കും പരുക്കേറ്റു. ഇവരെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രണ്ട് പേര്‍ മരിക്കുകയായിരുന്നു.

പ്രദേശത്ത് ഇന്നലെ രാത്രിയോടെ തിരച്ചില്‍ നിര്‍ത്തിയെങ്കിലും ഭീകരര്‍ രക്ഷപ്പെടുന്നതിനാല്‍ സൈന്യം സുരക്ഷ ശക്തമാക്കി. ഇന്ന് രാവിലെയോടെയാണ് വീണ്ടും വെടിവെപ്പ് തുടര്‍ന്നത്. ഇതിലാണ് മൂന്ന് ഭീകരരെ വധിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ