scorecardresearch

അമരാവതിയിലെ കടയുടമയുടെ കൊലപാതകവും നുപൂർ ശർമയെ പിന്തുണച്ചതിനെന്ന് സംശയം

പ്രവാചകനെക്കുറിച്ച് വിവാദ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നുപൂർ ശർമ്മയെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റിന് പ്രതികാരമായാണ് കോൽഹെയെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണസംഘം ഇപ്പോൾ കരുതുന്നത്

Nupur Sharma, BJP, Supreme Court

മുംബൈ: മഹാരാഷ്ട്രയിലെ അമരാവതിയിൽ കടയുടമ കൊലചെയ്യപ്പെട്ടത് നുപൂർ ശർമ്മയെ പിന്തുണച്ചതിനാണെന്ന് സംശയം. ഉദയ്പൂരിൽ തയ്യൽക്കാരൻ കനയ്യലാൽ കൊല്ലപ്പെടുന്നതിന് കൃത്യം ഒരാഴ്ച മുമ്പ്, ജൂൺ 21 ന് ആണ് അമരാവതി ജില്ലയിൽ 54 കാരനായ ഉമേഷ് പ്രഹ്ലാദറാവു കോൽഹെ കൊല്ലപ്പെട്ടത്.

ഒരു ടെലിവിഷൻ ചർച്ചയിൽ പ്രവാചകനെക്കുറിച്ച് വിവാദ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നുപൂർ ശർമയെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റിന് പ്രതികാരമായാണ് കോൽഹെയെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണസംഘം ഇപ്പോൾ കരുതുന്നത്.

ഉമേഷ് കോഹ്‌ലെയുടെ മകൻ സങ്കേത് കോഹ്‌ലെ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ, മുദ്ദ്‌സിർ അഹമ്മദ് (22), ഷാരൂഖ് പഠാൻ (25) എന്നിങ്ങനെ രണ്ടു പേരെ ജൂൺ 23 ന് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്‌തതിൽ നിന്ന് നാല് പേർക്ക് കൂടി സംഭവത്തിൽ പങ്കുണ്ടെന്ന്ന്ന് വ്യക്തമാവുകയും. അബ്ദുൾ തൗഫിക് (24), ഷോയിബ് ഖാൻ (22), അതിബ് റാഷിദ് (22) എന്നിങ്ങനെ മൂന്ന് പേരെ ജൂൺ 25 ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഷമീം അഹമ്മദ് ഫിറോസ് അഹമ്മദ് എന്ന ഒരാൾ ഇപ്പോഴും ഒളിവിലാണ്.

ജൂൺ 21 ന് രാത്രി 10 നും 10.30 നും ഇടയിൽ ഉമേഷ് കോൽഹെ തന്റെ മെഡിക്കൽ സ്റ്റോർ അടച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. മറ്റൊരു സ്കൂട്ടറിൽ മകൻ സങ്കേതും (27) ഭാര്യ വൈഷ്ണവിയും ഇയാൾക്കൊപ്പമുണ്ടായിരുന്നു.

തങ്ങൾ കടയടച്ച് വീട്ടിലേക്ക് പോകുമ്പോൾ ഒരാൾ പിതാവിന്റെ ബൈക്ക് തടഞ്ഞുനിർത്തുകയും കഴുത്തിൽ കത്തി കൊണ്ട് കുത്തുകയുമായിരുന്നു എന്നാണ് മകൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. കുത്തിയ ഉടൻ അയാൾ മറ്റൊരാളോടൊപ്പം ബൈക്കിൽ കടന്നു കളഞ്ഞെന്നും പറയുന്നു. ഉടൻ തന്നെ മറ്റുള്ളവരുടെ സഹായത്താൽ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.

ഇതുവരെ അറസ്റ്റിലായ അഞ്ച് പ്രതികൾക്കും രക്ഷപ്പെടാൻ സഹായമായി പ്രതികളിൽ ഒരാൾ കാറും 10,000 രൂപയും നൽകിയതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഒളിവിലുള്ള പ്രതി മറ്റ് അഞ്ച് പേർക്ക് പ്രത്യേക ചുമതലകൾ നൽകിയിരുന്നതായി ഉദ്യോഗസ്ഥൻ പറഞ്ഞു. മെഡിക്കൽ സ്റ്റോറിൽ നിന്ന് കോൽഹെ ഇറങ്ങുമ്പോൾ നിരീക്ഷിക്കാനും മറ്റ് മൂന്ന് പേർക്ക് മുന്നറിയിപ്പ് നൽകാനും അയാൾ അവരിൽ രണ്ടുപേരോട് ആവശ്യപ്പെട്ടിരുന്നു. മറ്റ് മൂന്ന് പേരാണ്‌ കോൽഹെയെ തടഞ്ഞു നിർത്തുകയും ആക്രമിക്കുകയും ചെയ്തത്.

നൂപുർ ശർമ്മയെ പിന്തുണച്ച് കോൽഹെ ഒരു സോഷ്യൽ മീഡിയ പോസ്റ്റ് വാട്ട്‌സ്ആപ്പിൽ പ്രചരിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. അബദ്ധവശാൽ, തന്റെ ഉപഭോക്താക്കളായ മുസ്ലീം അംഗങ്ങളുള്ള ഗ്രൂപ്പിലും കോൽഹെ അത് പോസ്റ്റ് ചെയ്തു. ഇത് പ്രവാചകനെ അപമാനിക്കുന്നതാണെന്നും അതിനാൽ അയാൾ മരിക്കണമെന്നും അറസ്റ്റിലായ പ്രതികളിലൊരാൾ പറഞ്ഞതായി പൊലീസ് പറഞ്ഞു.

കൊലപാതകത്തിന് ഉപയോഗിച്ച കത്തി പ്രതികൾ ഉപയോഗിച്ച വാഹനം എന്നിവ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടാകുമെന്നും അതിന് ശേഷം കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം വ്യക്തമാകുമെന്നും പൊലീസ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

അതേസമയം, പിതാവിന് ഒരു രാഷ്ട്രീയപാർട്ടിയുമായി ബന്ധമില്ലെന്നും അച്ഛന്റെ ഫെയ്‌സ്‌ബുക്ക്‌ പരിശോധിച്ചതിൽ അത്തരത്തിൽ ഉള്ള പോസ്റ്റുകൾ ഒന്നും കാണാൻ കഴിഞ്ഞിട്ടില്ലെന്നും പൊലീസിന് മാത്രമേ എന്താണ് കൊലപാതക കാരണമെന്ന് പറയാൻ സാധിക്കുകയുള്ളുഎന്നും മകൻ പറഞ്ഞു.

Also Read: പ്രവാചകനെതിരായ വിവാദ പരാമർശം; നൂപൂർ ശർമ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീം കോടതി

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Shop owner in amravati likely killed for post supporting nupur sharma udaipur killing

Best of Express