ലോസ് ആഞ്ചെലെസ്: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ചൈനീസ് പുതുവത്സരാഘോഷത്തിനിടെയുണ്ടായ കൂട്ടവെടിവയ്പില്‍ 10 പേര് കൊല്ലപ്പെട്ടു. മോണ്ടെറി പാര്‍ക്കിലെ ഒരു ബോള്‍റൂം ഡാന്‍സ് ക്ലബ്ബില്‍ ഒരു ശനിയാഴ്ച രാത്രിയുണ്ടായ സംഭവത്തില്‍ 10 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. സംഭസ്ഥലത്തുനിന്നു രക്ഷപ്പെട്ട അക്രമിയെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചെലെസ് കൗണ്ടിയിലുള്ള നഗരമാണു വെടിവയ്പ് നടന്ന മോണ്ടെറി പാര്‍ക്ക്. ലോസ് ആഞ്ചെലെസില്നിന്നു 16 കിലോമീറ്റര്‍ (10 മൈല്‍) അകലെയാണ് ഈ സ്ഥലം. അറുപതിനായിരത്തോളം ജനസംഖ്യയുള്ള മോണ്ടേറി പാര്‍ക്കില്‍ ഏഷ്യക്കാരാണു കൂടുതലും.
ചൈനീസ് ചാന്ദ്ര പുതുവത്സര ആഘോഷത്തിനിടെ ശനിയാഴ്ച രാത്രി 10നുശേഷമാണു വെടിവയ്പ് നടന്നതെന്നു ‘ലോസ് ആഞ്ചെലെസ് ടൈംസ്’ പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
10 പേര് സംഭവസ്ഥലത്തുതന്നെ മരിച്ചതായി ലോസ് ആഞ്ചെലെസ് കൗണ്ടി ഭരണാധികാരിയുടെ വകുപ്പിലെ ക്യാപ്റ്റന്‍ ആന്‍ഡ്രൂ മേയര്‍ പറഞ്ഞു. പരുക്കേറ്റവരെ ആശുപത്രികളിലേക്കു മാറ്റി. ഇവരില്‍ ഗുരുതരാവസ്ഥയിലുള്ളവരുമുണ്ടെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെടിയുതിര്‍ത്തുവെന്നു സംശയിക്കുന്നയാള്‍ പുരുഷനാണെന്നു വകുപ്പ് അറിയിച്ചു. പരുക്കേറ്റവരെ എമര്‍ജന്‍സി സ്റ്റാഫ് സ്ട്രെച്ചറുകളില്‍ ആംബുലന്‍സിലേക്കു മാറ്റുന്നതു സോഷ്യല്‍ മീഡിയയില്‍ ലഭ്യമായ ദൃശ്യങ്ങളില്‍ കാണാം.
മൂന്നു പേര് തന്റെ സ്ഥാപനത്തിലേക്ക് ഓടിക്കയറി വാതില്‍ പൂട്ടാന്‍ പറഞ്ഞതായി വെടിവയ്പ് നടന്ന സ്ഥലത്തിന് എതിര്‍വശത്തുള്ള ക്ലാം ഹൗസ് സീഫുഡ് ബാര്‍ബിക്യൂ റെസ്റ്റോറന്റിന്റെ ഉടമയായ സിയുങ് വോന്‍ ചോയ് ലോസ് ഏഞ്ചല്‍സ് ടൈംസിനോട് പറഞ്ഞു. സംഭവസ്ഥലത്ത് യന്ത്രത്തോക്കുമായി ഒരാളുണ്ടെന്ന് കെട്ടിടത്തില്‍ അഭയം തേടിയവര്‍ പറഞ്ഞതായും ഇദ്ദേഹം വെളിപ്പെടുത്തി.
ദക്ഷിണ കാലിഫോര്‍ണിയയിലെ ഏറ്റവും വലിയ ചാന്ദ്ര പുതുവത്സര പരിപാടികളിലൊന്നായ രണ്ടു ദിവസത്തെ ഉത്സവത്തിനു ശനിയാഴ്ചയാണു തുടക്കമായത്. ആയിരക്കണക്കിന് ആളുകളാണു പരിപാടിയുടെ തുടക്കം മുതല്‍ എത്തിയത്. സംഭവം സ്ഥലം ഉള്‍പ്പെടുന്ന തെരുവ് പൊലീസ് നിയന്ത്രണത്തിലാണെന്നു വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
ആള്‍ക്കൂട്ട കൊലപാതകങ്ങളെക്കുറിച്ചുള്ള അസോസിയേറ്റഡ് പ്രസ്/യു എസ് എ ടുഡേ ഡോറ്റബേസ് അനുസരിച്ച്, ഈ മാസം യു എസില്‍ നടക്കുന്ന അഞ്ചാമത്തെ കൂട്ട വെടിവയ്പാണിത്. ടെക്സസിലെ ഉവാള്‍ഡെയിലെ സ്കൂളില്‍ 21 പേര് കൊല്ലപ്പെട്ട സംഭവമാണ് ഇതിനു മുന്‍പ് നടന്ന ഏറ്റവും വലിയ വെടിവയ്പ്.