ഷാർലറ്റ്: ഷാർലറ്റിലെ നോർത്ത് കരോലിന യൂണിവേഴ്സിറ്റിയിലുണ്ടായ വെടിവയ്‌പിൽ രണ്ടു മരണം. നാലു പേർക്കു പരുക്കേറ്റു. ഇതിൽ മൂന്നു പേരുടെ നില അതീവ ഗുരുതരമാണെന്ന് അധികൃതർ പറഞ്ഞു. സംഭവത്തിൽ ഒരു വിദ്യാർഥിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. കസ്റ്റഡിയിലെടുത്ത വിദ്യാർഥി ഒറ്റയ്ക്കാണ് കുറ്റകൃത്യം നടത്തിയതെന്ന് കരുതുന്നതായി ഷാർലറ്റ് മെക്‌ലൻബർഗ് പൊലീസ് ഡിപ്പാർട്മെന്റ് വക്താവ് സാൻഡി എലൂസ പറഞ്ഞു.

അധ്യയന വർഷത്തിലെ അവസാന ദിന ക്ലാസുകൾ കഴിയുന്ന സമയത്താണ് വെടിവയ്‌പുണ്ടായത്. അടുത്ത ആഴ്ച അവസാന വർഷ പരീക്ഷ തുടങ്ങാനിരിക്കുകയായിരുന്നു. യൂണിവേഴ്സിറ്റിയിൽ ഏകദേശം 26,500 കുട്ടികൾ പഠിക്കുന്നുണ്ട്. 3,000 ജോലിക്കാരും യൂണിവേഴ്സിറ്റിയിലുണ്ട്

വൈകീട്ട് 5.45 ഓടെ യൂണിവേഴ്സിറ്റിയിലെ കെന്നഡി ഹാൾ അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിനു സമീപത്തായാണ് വെടിവയ്‌പ് ഉണ്ടായതെന്ന് ഷാർലറ്റിലെ ടെലിവിഷൻ സ്റ്റേഷൻ ഡബ്ല്യുബിടിവി റിപ്പോർട്ട് ചെയ്തതു. സംഭവത്തിൽ ഒരാൾ അറസ്റ്റിലായെന്നും റിപ്പോർട്ടിൽ പറയുന്നു.

University of North Carolina, Charlotte, ie malayalam

”ഷാർലറ്റിലെ യുഎൻസി ക്യാംപസിൽ വെടിവയ്‌പുണ്ടായെന്നത് ഞെട്ടിക്കുന്നതാണ്. എന്റെ ചിന്ത മുഴുവൻ കൊല്ലപ്പെട്ടവരുടെയും പരുക്കേറ്റവരുടയും കുടുംബത്തെക്കുറിച്ചാണ്,” ഷാർലറ്റ് മേയർ വി ലെയ്ൽസ് ട്വിറ്ററിൽ കുറിച്ചു. വെടിവയ്‌പു നടന്നുവെന്നത് വിശ്വസിക്കാനായിട്ടില്ലെന്നാണ് 2011 മുതൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ സൂസൻ ഹാർഡൻ പറഞ്ഞത്.

”സെമസ്റ്റർ തീരുന്ന അവസാന ദിനമായിരുന്നു. വിദ്യാർഥികൾ സന്തോഷത്താൽ കലാപ്രകടനങ്ങൾ നടത്തുകയായിരുന്നു. ഇത് നീചമായ പ്രവൃത്തിയാണ്. ഞങ്ങളുടെ ക്യാംപസ് വളരെ സുരക്ഷിതമായിരുന്നു. ഒരിക്കലും സുരക്ഷിതമല്ലെന്ന് തോന്നിയിട്ടില്ല. എന്റെ ഹൃദയം നുറുങ്ങുന്നു,” സൂസൻ പറഞ്ഞു.

വെടിയേറ്റ രണ്ടുപേർ കൊല്ലപ്പെട്ടതായും പരുക്കേറ്റ നാലുപേരിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്നും സ്വതന്ത്ര ഏജൻസിയായ മെക്‌ലൻബർഗ് എമർജൻസി മാനേജ്മെന്റ് സർവീസസ് ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. വക്താവ് ലെസ്റ്റർ ഒലിവയും പരുക്കേറ്റവരുടെ എണ്ണത്തെക്കുറിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്.

വെടിവച്ചയാൾ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിയാണെന്നാണ് ഡബ്ല്യിഎസ്ഒസി ടിവി റിപ്പോർട്ട് ചെയ്തത്. അതേസമയം, കസ്റ്റഡിയിലെടുത്ത വിദ്യാർഥിയെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പൊലീസ് തയ്യാറായിട്ടില്ല.

2007 ഏപ്രിൽ 16 ന് യുഎസിലെ ബ്ലാക്സ്ബർഗിലെ വിർജിനിയ ടെക് യൂണിവേഴ്സിറ്റിയിൽ വെടിവയ്‌പ് നടന്നിരുന്നു. ദക്ഷിണ കൊറിയയിൽനിന്നുളള വിദ്യാർഥി നടത്തിയ വെടിവയ്‌പിൽ 32 പേരാണ് കൊല്ലപ്പെട്ടത്. വെടിവയ്‌പു നടത്തിയശേഷം വിദ്യാർഥി സ്വയം വെടിവച്ചു മരിക്കുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook