ഹൈദരാബാദ്: തിരഞ്ഞെടുപ്പുകളിൽ സീറ്റു കിട്ടാനും വിജയിക്കാനുമായി രാഷ്ട്രീയ നേതാക്കള്‍ പല അടവുകളും പ്രയോഗിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാല്‍ ഇത്ര ഭയാനകമായ ഉടായിപ്പ് ആദ്യമായിട്ടാകും. വിക്രം ഗൗഡ് എന്ന യൂത്ത് കോൺഗ്രസ് നേതാവ് തന്നെ വെടിവയ്ക്കുന്നതിന് 50ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കിയതായാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. എന്തായാലും അതിബുദ്ധി കാട്ടിയ നേതാവ് ഇപ്പോൾ ശരിക്കും പുലിവാല് പിടിച്ചിരിക്കുകയാണ്.

കഴിഞ്ഞ ആഴ്ചയാണ് ശരീരത്തില്‍ വെടിയുണ്ടകളേറ്റ് അവശനിലയില്‍ വിക്രം ഗൗഡിനെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. വൈഎസ് രാജശേഖര്‍ റെഡ്ഡി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന മുകേഷ് ഗൗഡിന്റെ പുത്രനാണ് വിക്രം ഗൗഡ്. മൂന്ന് വെടിയുണ്ടകളാണ് അദ്ദേഹത്തിന്റെ ശരീരത്തിലുണ്ടായിരുന്നത്. വീട്ടില്‍ വെച്ച് അദ്ദേഹത്തെ വധിക്കാന്‍ ശ്രമിച്ച അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. അടിയന്തിര ചികിത്സകള്‍ നടത്തി അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചു.

അതിനിടയില്‍ സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലാണ് വെടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവ നേതാവിലേയ്ക്ക് പോലീസിന്റെ സംശയദൃഷ്ടികള്‍ തിരിയുന്നത്. തുടര്‍ന്ന് വിശദമായ അന്വേഷണത്തിലാണ് നാലു മാസങ്ങള്‍ക്കു മുന്‍പ് ആസൂത്രണം ചെയ്ത വധശ്രമനാടകത്തിന്റെ ചുളഴിഞ്ഞത്.

വിക്രം ഗൗഡ് തന്നെ വെടിവയ്ക്കുന്നതിന് 50ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കിയതായാണ് പോലീസ് കണ്ടെത്തിയത്. വരാനിരിക്കുന്ന 2019ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുന്നതിനുള്ള നീക്കമായിരുന്ന രണ്ട് വര്‍ഷം മുന്നെ തന്നെ വിക്രം നടത്തിയത്. ജനങ്ങളുടെ അനുകമ്പയും പൊതുശ്രദ്ധയും നേടുന്നതിനുള്ള ശ്രമമായിരുന്നു ‘ആസൂത്രിതമായ ഈ വധശ്രമം’.

വെള്ളിയാഴ്ച ഭാര്യയോടൊപ്പം ഒരു തീര്‍ഥാടനത്തിനു പോകുന്നതിന് തയ്യാറെടുക്കുന്നതിനിടയില്‍ വീടിന്റെ താഴത്തെ നിലയില്‍വെച്ചാണ് വിക്രം ഗൗഡിന് വെടിയേല്‍ക്കുന്നത്. പോലീസ് അന്വേഷണത്തില്‍ സമീപ പ്രദേശത്തുള്ള വെള്ളക്കെട്ടില്‍നിന്ന് വെടിവെക്കാനുപയോഗിച്ച തോക്ക് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അഞ്ച് സംസ്ഥാനങ്ങളില്‍നിന്നായി അഞ്ച് പ്രതികളെ പോലീസ് പിടികൂടി. നാലുപേര്‍ കൂടി സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതായും പോലീസ് കണ്ടെത്തി. മൂന്നു പ്രാവശ്യം തന്നെ വെടിവയ്ക്കണമെന്നും മൂന്ന് എന്നത് തന്റെ ഭാഗ്യ നമ്പറാണെന്നും ഇയാള്‍ സംഘത്തോട് പറഞ്ഞിരുന്നു. എന്നാല്‍ സംഭവം നടന്ന സാഹചര്യങ്ങള്‍ വിലയിരുത്തിയ പോലീസിന് ആദ്യംതന്നെ വിക്രമിനെ സംശയിക്കാനുള്ള കാരണങ്ങള്‍ ലഭിച്ചിരുന്നു.

സ്വയം വെടിവയ്പ്പിക്കുന്നതിനായി പണംമുടക്കുകയും തോക്കുകള്‍ വാങ്ങുകയും ക്വട്ടേഷന്‍ കൊടുക്കുകയും പദ്ധതി ആസൂത്രണം ചെയ്യുകയും ചെയ്യുന്ന ഇത്തരമൊരു സംഭവം ആദ്യത്തേതാണെന്ന് ഹൈദരാബാദ് പോലീസ് കമ്മീഷണര്‍ മഹേന്ദര്‍ റെഡ്ഡി പറഞ്ഞു. ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും വിക്രമിന് വീഴ്ചകള്‍ സംഭവിച്ചു. പോലീസിന്റെ കഴിവുകളെ വിലകുറച്ചു കണ്ടതും വിക്രം ഗൗഡിന് വിനയായതായി അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ