ലാഹോര്‍: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും പാകിസ്ഥാന്‍ മുസ്ലിം ലീഗ്- നവാസ് പാര്‍ട്ടിയുടെ നേതാവുമായ നവാസ് ഷരീഫിന് നേരെ ഷൂ ഏറ്. ഞായറാഴ്ച്ച ലാഹോറില്‍ ഒരു മദ്രസയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് സംഭവം. ഷൂ ഷരീഫിന്റെ തോളില്‍ തട്ടി താഴെ വീണു. ജാമിഅ നയീമിയ സെമിനാരിയിലെ മുന്‍ വിദ്യാര്‍ത്ഥിയാണ് അക്രമം നടത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

സെമിനാരിയില്‍ ഷരീഫ് സന്ദര്‍ശനം നടത്താന്‍ ഇരിക്കെയാണ് സംഭവം ഉണ്ടായത്. പ്രസംഗിക്കാനായി ഷരീഫ് വേദിയില്‍ എത്തിയപ്പോഴാണ് യുവാവ് ഷൂ എറിഞ്ഞത്. വേദിയില്‍ കയറിയ യുവാവ് പഞ്ചാബ് ഗവര്‍ണറായിരുന്ന സല്‍മാന്‍ തസീറിന് അനുകൂലമായ മുദ്രാവാക്യവും മുഴക്കി. തുടര്‍ന്ന് ഷരീഫ് അനുകൂലികള്‍ ഇയാളെ ആക്രമിച്ച് കീഴ്പ്പെടുത്തി. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടി കസ്റ്റഡിയിലെടുത്തു.

വിദേശകാര്യ മന്ത്രിയായ ഖ്വാജ ആസിഫിന് നേരെ ഷൂ എറിഞ്ഞതിന് കഴിഞ്ഞ ദിവസം ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സിയാല്‍കോട്ടില്‍ നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം. എന്നാല്‍ ഇയാളെ വെറുതെ വിടണമെന്ന് മന്ത്രി പൊലീസിന് നിര്‍ദേശം നല്‍കി. പണത്തിന് വേണ്ടിയായിരിക്കാം ഇത് ചെയ്തതെന്നും തനിക്ക് അക്രമിയോട് യാതൊരു വിദ്വേഷവും ഇല്ലെന്നും മന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ