പട്‌ന: ജെഡിയു യുവജന വിഭാഗത്തിന്റെ സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ ചെരുപ്പേറ്. ജെഡിയു പ്രവർത്തകനായ ചന്ദൻ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംവരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിഷേധിച്ചാണ് ചന്ദൻ കുമാർ മുഖ്യമന്ത്രിയെ ആക്രമിച്ചത്.

പൊലീസ് അറസ്റ്റ് ചെയ്യും മുൻപ് തന്നെ പാർട്ടി പ്രവർത്തകർ ഇയാളെ മർദ്ദിച്ചവശനാക്കി. താൻ ഉയർന്ന ജാതിയിൽ പെട്ടയാളാണെന്നും, ഇതുവരെയും ജോലി ലഭിച്ചില്ലെന്നും അതിന് കാരണം സംവരണം ആണെന്നുമാണ് ചന്ദൻ കുമാർ പൊലീസിനോട് പറഞ്ഞത്. മുഖ്യമന്ത്രിയെ ആക്രമിക്കാൻ കാരണം ഇതാണെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ വിവിധ സംഘടനകളുമായി നിതീഷ് കുമാർ സംസാരിക്കുന്നുണ്ട്. ബിഹാറിൽ സവർണ്ണ സമുദായങ്ങൾ സർക്കാരിനെതിരെ കടുത്ത പ്രതിഷേധത്തിലാണ്. സംവരണം അവസാനിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.

എസ്‌സി-എസ്‌ടി വിഭാഗക്കാരെ ആക്രമിച്ചാലോ, അധിക്ഷേപിച്ചാലോ ഉടനടി അറസ്റ്റ് ചെയ്യണമെന്ന നിബന്ധന സുപ്രീം കോടതി വിധിക്ക് പിന്നാലെ തിരികെ കൊണ്ടുവന്നതാണ് സംസ്ഥാനത്തെ സവർണ്ണ സമുദായങ്ങളെ ചൊടിപ്പിച്ചത്.

ഇത് ആദ്യമായല്ല, ബിഹാർ മുഖ്യമന്ത്രിക്ക് നേരെ ചെരുപ്പേറുണ്ടാകുന്നത്. 2016 ൽ പി.കെ.റായി എന്ന വ്യക്തിയെ നിതീഷ് കുമാറിനെ ആക്രമിച്ച സംഭവത്തിൽ ബിഹാർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ