/indian-express-malayalam/media/media_files/uploads/2017/02/textbookcat-experiment-textbook-759.jpg)
ന്യൂഡെല്‍ഹി: സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി അധികാരികള്‍ ഒരുക്കുന്ന പാഠപുസ്തകങ്ങളുടെ ഉള്ളടക്കത്തെ കുറിച്ചുള്ള ആശങ്കകള്‍ പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളോട് മതംമാറ്റത്തെ കുറിച്ചുള്ള ചോദ്യം ചോദിച്ച പീസ് ഇന്റര്‍നാഷണല്‍ സ്കൂളിന്റെ പാഠഭാഗം ഈയിടെ ചൂടന്‍ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു.
കാണാന്‍ ഭംഗിയില്ലാത്തതോ അംഗവൈകല്യമോ ഉള്ള പെണ്‍കുട്ടി കൂടുതല്‍ സ്ത്രീധനം കൊടുക്കേണ്ടി വരുമെന്ന പാഠഭാഗം ഉണ്ടായിരുന്നത് മഹാരാഷ്ട്ര സര്‍ക്കാര്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി തയ്യാറാക്കിയ സാമൂഹ്യ ശാസ്ത്ര പുസ്തകത്തിലായിരുന്നു. ഈ പാഠഭാഗങ്ങളുടെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം സ്കൂളിന്റെ മതിലുകള്‍ കടന്ന് പുറംലോകം അറിയുന്നത്. ഇതിനിടെ ഇതാ മറ്റൊരു പാഠഭാഗം കൂടി ഇത്തരത്തില്‍ ചര്‍ച്ചയായി മാറുകയാണ്.
ഡല്‍ഹിയിലെ ഒരു സ്കൂളിലെ നാലാം ക്ലാസിലെ പാഠപുസ്തകത്തിലെ ഒരു പാഠഭാഗമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. കുട്ടികള്‍ക്കായി ഒരുക്കിയ പാഠപുസ്തകത്തില്‍ ഒരു പൂച്ചക്കുഞ്ഞിനെ എങ്ങനെ ശ്വാസം മുട്ടിച്ച് കൊല്ലാം എന്നാണ് അക്ഷരാര്‍ത്ഥത്തില്‍ പഠിപ്പിക്കുന്നത്.
പരിസ്ഥിതി പാഠപുസ്തകത്തില്‍ നമ്മുടെ ഹരിതഭൂമി എന്ന തലക്കെട്ടോടെയുള്ള ആക്ടിവിറ്റിയിലാണ് വിവാദമായൊരു പരീക്ഷണത്തിന് കുട്ടികളെ നിര്‍ദേശിക്കുന്നത്. ജീവികള്‍ക്ക് ജീവനോടെ ഇരിക്കാന്‍ വായു ആവശ്യമാണെന്നും ഇല്ലെങ്കില്‍ മരിച്ചു പോകുമെന്നും പറയുന്ന പാഠഭാഗത്താണ് വിചിത്രമായൊരു പരീക്ഷണത്തിന് കുട്ടികള്‍ക്ക് നിര്‍ദേശം നല്‍കുന്നത്.
'വായു ഇല്ലാതെ ഒരു ജീവിക്കും കൂടുതല്‍ സമയം പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന്' പറയുന്ന പാഠപുസ്തകത്തില്‍ ഒരു പരീക്ഷണം നടത്താനാണ് പറയുന്നത്. 'മുഴുവനും അടച്ചുപൂട്ടിയ മരം കൊണ്ട് ഉണ്ടാക്കിയ രണ്ട് പെട്ടികളില്‍ രണ്ട് പൂച്ചക്കുഞ്ഞുങ്ങളെ കിടത്തുക. ഒരു പെട്ടിയില്‍ പൂര്‍ണമായും വായു അകത്തേക്ക് കടക്കുന്നില്ലെന്ന് ഉറപ്പു വരുത്തുക. മറ്റേ പെട്ടിയില്‍ ചെറിയ ദ്വാരവും ഇടുക. അല്‍പ സമയം കഴിഞ്ഞ് പെട്ടി തുറന്നാല്‍ ദ്വാരമുള്ള പെട്ടിയിലെ പൂച്ച ജീവനോടെ ഇരിക്കുന്നതായും, ദ്വാരമില്ലാതെ പെട്ടിയിലെ പൂച്ച ചത്തതായും കാണാന്‍ കഴിയുമെന്ന്' നാലാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള പാഠഭാഗത്തില്‍ പറയുന്നു.
പ്രകൃതിയേയും ജീവനേയും കുറിച്ച് കുട്ടികള്‍ക്ക് വിശദീകരിച്ച് കൊടുക്കേണ്ട ഭാഗത്താണ് 'എങ്ങനെ ഒരു പൂച്ചയെ കൊല്ലാം' എന്ന് വിശദീകരിക്കുന്നത്. പുസ്തകപ്രസാധകരായ മില്ലേനിയം ബുക്ക്സോഴ്സ് ലിമിറ്റഡ് സംഭവത്തില്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പ്രതികരിച്ചു. അത്തരത്തിലൊരു പാഠഭാഗത്തെ കുറിച്ച് അറിവില്ലായിരുന്നെന്നും പാഠഭാഗം പിന്‍വലിക്കുമെന്നും പ്രസാധകര്‍ പറഞ്ഞു. പാഠഭാഗത്തിന്റെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പ്രതിഷേധവും ശക്തമായിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.