ഹൈദരാബാദ്: അതിവേഗത്തിൽ പാഞ്ഞുവന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഫ്ലൈ ഓവറിൽ നിന്നും താഴേയ്ക്ക് മറിഞ്ഞു വീണ് ഒരാൾ മരിച്ചു. അപകടത്തിൽ​ നാല് പേർക്ക് പരുക്കേറ്റു. ഹൈദരാബാദിലാണ് സംഭവം നടന്നത്.

മണിക്കൂറിൽ 104 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ചിരുന്ന കാറിന് നിയന്ത്രണം നഷ്ടപ്പെട്ട് ഹൈദരാബാദിലെ റെയ്ദുർഗാമിലെ ബയോഡൈവേഴ്‌സിറ്റി ജംഗ്ഷനിലെ ഡിവൈഡറിൽ ഇടിച്ച്, ഫ്ലൈഓവറിൽ നിന്ന് മറിച്ച് താഴേയ്ക്ക് വീഴുകയായിരുന്നു എന്ന് പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. പരുക്കുകളോടെ രക്ഷപ്പെട്ട കാർ ഡ്രൈവറെ നഗരത്തിലുള്ള ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

കാർ ഫ്ലൈഓവറിന്റെ താഴെയുള്ള റോഡിലേക്ക് വീഴുന്ന സമയത്ത് അതുവഴി ആളുകളും വാഹനങ്ങളും കടന്നു പോയിരുന്നതായി വീഡിയോയിൽ വ്യക്തമായി കാണാം. താഴെ നിന്നിരുന്ന ആളുകളുടെ ഇടയിലേക്ക് വീഴുന്നതിന് മുന്നായി രണ്ട് തവണ കാർ കറങ്ങുന്നുണ്ട്. കാർ വന്ന് വീഴുമ്പോൾ ചില ആളുകൾക്ക് സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടാൻ സാധിക്കുന്നുണ്ടെങ്കിലും ഒരാൾക്ക് നേരെ വന്ന് ഇടിക്കുകയും ഒരു മരം പിഴുത് എടുക്കുകയും ചെയ്യുന്നുണ്ട്.

മരിച്ച സ്ത്രീയുടെ ബന്ധുക്കൾക്ക് ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ മേയർ 5 ലക്ഷം രൂപ ധന സഹായവും പരുക്കേറ്റവർക്ക് ചികിത്സാ സഹായവും പ്രഖ്യാപിച്ചു. തെലങ്കാന മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ മന്ത്രി കെ ടി രാമ റാവുവിന്റെ നിർദേശപ്രകാരം അടുത്ത മൂന്ന് ദിവസത്തേക്ക് ഫ്ലൈഓവർ അടച്ചിട്ടു.

അശ്രദ്ധമൂലം മരണം സംഭവിച്ചതിന് ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഫ്ലൈഓവറിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിലേ വാഹനങ്ങൾ ഓടിക്കാവൂ എന്നിരിക്കെ കാർ 104 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുകയായിരുന്നു എന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്ന് സൈബരാബാദ് പോലീസ് അധികൃതർ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook