ഗോരഖ്പൂർ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരില്‍ 30 കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചു. 48 മണിക്കൂറിനുളളിലാണ് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്ന കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചത്. ഗോരഖ്പൂർ ബി.ആർ.ഡി ആശുപത്രിയിലാണ് സംഭവം.

സര്‍ക്കാര്‍ ആശുപത്രിക്ക് ഓക്സിജന്‍ വിതരണം ചെയ്യുന്ന കമ്പനി വിതരണം നിര്‍ത്തിയതോടെയാണ് കുട്ടികള്‍ ദാരുണമായി മരിച്ചത്. ‍ഓക്സിജന്‍ കമ്പനിക്ക് ആശുപത്രി 66 ലക്ഷം രൂപ ഈ ഇനത്തില്‍ നല്‍കാന്‍ ഉണ്ടായിരുന്നതായാണ് വിവരം. തുടര്‍ന്നാണ് കമ്പനി ഓക്സിജന്‍ വിതരണം നിര്‍ത്തിയത്. യോഗി ആദിത്യനാഥ് ഈ ആശുപത്രി രണ്ട് ദിവസം മുമ്പ് സന്ദര്‍ശിച്ചിരുന്നു. മസ്തിഷ്ക ജ്വരത്തെ തുടർന്നായിരുന്നു കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.

ഉത്തര്‍പ്രദേശില്‍ മസ്തിഷ്ക ജ്വരത്തെ തുടര്‍ന്ന് നൂറ് കണക്കിന് കുട്ടികളാണ് ഓരോ വര്‍ഷവും മരിക്കുന്നത്. തുടര്‍ന്ന് യോഗി ആദിത്യനാഥ് രോഗപ്രതിരോധത്തിനായി പ്രചരണ പരിപാടികള്‍ നടത്തിയിരുന്നു. ഉത്തര്‍പ്രദേശിലെ 38 ജില്ലകളില്‍ പ്രചരണപരിപാടികള്‍ ശക്തമാക്കുകയും ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ