ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷനെതിരെ അപകീർത്തി പരാമർശത്തിന് കേസ് നൽകുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞതിന് പിന്നാലെ നിലപാട് മാറ്റി രാഹുല്‍ ഗാന്ധി. വ്യാപം കേസ്, പാനമ പേപ്പർ എന്നീ കേസുകളിൽ ചൗഹാന്റെ മകന് പങ്കുണ്ടെന്ന രാഹുലിന്റെ ആരോപണത്തിനെതിരെയാണ് കേസ് ഫയല്‍ ചെയ്യുമെന്ന് ചൗഹാന്‍ പറഞ്ഞത്. എന്നാല്‍ തനിക്ക് ആശയക്കുഴപ്പം കൊണ്ട് സംഭവിച്ചതാണ് ഇതെന്ന് രാഹുല്‍ പറഞ്ഞു.

‘ബിജെപി നിരവധി അഴിമതികളുടെ ഭാഗമായത് കൊണ്ട് എനിക്ക് ആശയക്കുഴപ്പം ഉണ്ടായതാണ്. മധ്യപ്രദേശ് മുഖ്യമന്ത്രി പാനമയില്‍ ഇല്ലായിരുന്നു. പക്ഷെ വ്യാപം അഴിമതിയിലും മറ്റ് ക്രമക്കേടുകളിലും പങ്കുണ്ട്,’ രാഹുല്‍ പറഞ്ഞു.

തനിക്കും കുടുംബത്തിനെതിരെ വസ്തുതാവിരുദ്ധമായ ആരോപണങ്ങളാണ് രാഹുല്‍ നടത്തിയതെന്ന് ചൗഹാന്‍ പ്രതികരിച്ചിരുന്നു. ഈ പരാമർശങ്ങൾക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ചൗഹാൻ ട്വീറ്റ് ചെയ്തു.

തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് ചൗഹാനെതിരെ രാഹുൽ ആഞ്ഞടിച്ചത്. ‘ചൗഹാൻ സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണ്. സിംഹസ്ഥ കുംഭമേള നടത്തുന്നതിലെ സാമ്പത്തിക ക്രമക്കേടിലും വ്യാപം കേസിലും അവർക്ക് പങ്കുണ്ട്. 50 പേരാണ് വ്യാപം കേസിന് പിന്നാലെ കൊല്ലപ്പെട്ടത്. ചൗഹാന്റെ മകന്റെ പേര് പാനമ പേപ്പറിലും ഉയര്‍ന്ന് കേട്ടു. എന്നാല്‍ നടപടിയൊന്നും എടുത്തില്ല. പാനമ പേപ്പറില്‍ പേര് വന്ന മുന്‍ പ്രധാനമന്ത്രിയെ പാക്കിസ്ഥാന്‍ പോലും ശിക്ഷിച്ചു. എപ്പോഴും ധർമത്തെ കുറിച്ചാണ് സർക്കാർ പറയുന്നത്. എന്നാൽ സർക്കാരിന്‍റേത് അഴിമതിയുടെ ധർമമാണെന്നും രാഹുൽ ആരോപിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook