ഭോപാല്‍: മധ്യപ്രദേശില്‍ ശിവരാജ് സിങ്‌  ചൗഹാന്റെ നേതൃത്വത്തിലെ ബിജെപി സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പ് വിജയിച്ചു. കോണ്‍ഗ്രസ് എംഎല്‍എമാര്‍ വിട്ടുനിന്ന് വോട്ടെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി (എസ് പി), ബഹുജന്‍ സമാജ് വാദി പാര്‍ട്ടി (ബി എസ് പി), എംഎല്‍എമാരും സ്വതന്ത്രരും ബിജെപിക്ക് വോട്ട് ചെയ്തു. സഭ മാര്‍ച്ച് 27 വരേയ്ക്ക് പിരിഞ്ഞു.

ഇത് നാലാം തവണയാണ് ശിവരാജ് സിങ്‌  ചൗഹാന്‍ മുഖ്യമന്ത്രിയാകുന്നത്. മാര്‍ച്ച് 23-ന് ചൗഹാനെ ബിജെപി നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തതിന് പിന്നാലെ രാത്രി ഒമ്പത് മണിക്കാണ് ഗവര്‍ണര്‍ ടണ്ഠന്‍ ചൗഹാന് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്. മറ്റു മന്ത്രിമാര്‍ ആരും സത്യപ്രതിജ്ഞ ചെയ്തിട്ടില്ല. 2005-നും 2018-നും ഇടയില്‍ മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്നു ചൗഹാന്‍.

15 ദിവസത്തിനകം സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ചൗഹാനോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനം തടയാനുള്ള ശ്രമത്തിനാണ് മുന്‍ഗണനയെന്ന് അദ്ദേഹം പറഞ്ഞു.

Read Also: പാസ്‌പോർട്ട് കണ്ടു കെട്ടും; കാസർഗോഡ് വിലക്ക് ലംഘിച്ച പ്രവാസികൾ ഇനി ഗൾഫ് കാണില്ല

സഭാ സമ്മേളനം പുനരാരംഭിക്കമ്പോള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കും.

അതേസമയം, സ്പീക്കര്‍ പദവിയില്‍ നിന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടതിന്‍പ്രകാരം കോണ്‍ഗ്രസിന്റെ എന്‍ പി പ്രജാപതി കഴിഞ്ഞ ദിവസം രാത്രി രാജിവച്ചിരുന്നു. ബിജെപി എംഎല്‍എയായ ജഗദീഷ് ദേവ്ദയാണ് വിശ്വാസവോട്ടെടുപ്പ് നിയന്ത്രിച്ചത്.

ജോതിരാദിത്യ സിന്ധ്യയും അനുയായികളായ 22 എംഎല്‍എമാരും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതാണ് ചൗഹാന് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള വഴി തെളിച്ചത്. കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന കമല്‍ നാഥ് മാര്‍ച്ച് 20-ന് സ്ഥാനം ഒഴിഞ്ഞിരുന്നു. സുപ്രീംകോടതി അദ്ദേഹത്തോട് ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

Read in English: Shivraj Singh Chouhan wins MP floor test; House adjourned till March 27

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook