നാഗ്പൂര്‍: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ശിവരാജ് സിങ് ചൗഹാന്‍. സ്വാതന്ത്ര്യത്തിന് ശേഷം കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന യഥാര്‍ഥ ഗാന്ധിയുടെ ആവശ്യം നിറവേറ്റിക്കൊണ്ടിരിക്കുന്ന വ്യാജ ഗാന്ധിയാണ് രാഹുല്‍ ഗാന്ധിയെന്ന് ചൗഹാന്‍ പറഞ്ഞു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനം രാഹുല്‍ രാജിവച്ചതിനെ ഉദ്ദേശിച്ചാണ് പരിഹാസം.

Read Also: ‘ഞാന്‍ ഇനി കോണ്‍ഗ്രസ് അധ്യക്ഷനല്ല’; പദവി ഒഴിഞ്ഞ് രാഹുല്‍ ഗാന്ധി

മുങ്ങുന്ന കപ്പലില്‍ നിന്ന് അവസാനം ഇറങ്ങേണ്ട വ്യക്തിയാണ് ക്യാപ്റ്റനെന്ന് രാഹുലിന്റെ രാജിയെ സൂചിപ്പിച്ച് ചൗഹാന്‍ പറഞ്ഞു. നാഗ്പൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു ശിവരാജ് സിങ് ചൗഹാന്‍ രാഹുലിനെതിരെ വിമര്‍ശനമുന്നയിച്ചത്. പാര്‍ട്ടി പ്രതിസന്ധിയിലായിരിക്കുന്ന സമയത്ത് അധ്യക്ഷ സ്ഥാനം രാജിവച്ച രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ അതിരൂക്ഷമായി ചൗഹാന്‍ വിമര്‍ശിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി വെന്റിലേറ്ററിലാണ്. ഇങ്ങനെയൊരു സാഹചര്യത്തില്‍ കൂടുതല്‍ ക്രിയാത്മകമായി ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കുകയാണ് വേണ്ടിയിരുന്നത്. എന്നാല്‍, രാഹുല്‍ ഗാന്ധി ചെയ്തത് ഓടിയൊളിക്കലാണെന്നും അദ്ദേഹം പറഞ്ഞു.

Read Also: ‘എല്ലാ കള്ളന്‍മാരുടെ പേരിലും മോദിയുണ്ട്’; രാഹുല്‍ ഗാന്ധിക്ക് ജാമ്യം

ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാഹുൽ ഗാന്ധി രാജിവച്ചത്. ട്വിറ്ററിലൂടെയാണ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ വിവരം രാഹുൽ അറിയിച്ചത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് പാർട്ടി അധ്യക്ഷ സ്ഥാനം രാജിവയ്ക്കുന്നതായി രാഹുൽ അറിയിച്ചു. പാര്‍ട്ടിയിലെ യുവ നേതാക്കളുടെ രാജി, കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ അഭ്യര്‍ഥന, ആയിരക്കണക്കിന് വരുന്ന അണികളുടെ വികാരം ഇതിനൊന്നിനും രാഹുല്‍ ഗാന്ധിയുടെ മനം മാറ്റാന്‍ സാധിച്ചില്ല.

പുതിയ അധ്യക്ഷനെ പാർട്ടി അധികം വൈകാതെ തിരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷ. അടുത്ത അധ്യക്ഷനെ ഞാൻ തന്നെ തിരഞ്ഞെടുക്കണമെന്ന് സഹപ്രവർത്തകർ ആവശ്യപ്പെട്ടു. പുതിയ ഒരാൾ പാർട്ടിക്ക് നേതൃത്വം നൽകുന്നത് പ്രധാനമാണെങ്കിലും, ആ വ്യക്തിയെ ഞാൻ തിരഞ്ഞെടുക്കുന്നത് ശരിയല്ല. ധൈര്യത്തോടും സ്നേഹത്തോടും വിശ്വസ്തതയോടും കൂടി തങ്ങളെ നയിക്കാൻ കഴിയുന്ന വ്യക്തിയെ പാർട്ടി തിരഞ്ഞെടുക്കുമെന്ന വിശ്വാസമുണ്ടെന്നും രാഹുൽ കുറിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook