ബെംഗളൂരു: ലിംഗായത്ത് പരമാചാര്യനും സിദ്ധഗംഗ മഠാധിപതിയുമായ ശിവകുമാര സ്വാമി (111) സമാധിയായി. ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തിയിരുന്നത്.

സംസ്കാരം ജനുവരി 22 ന് വൈകീട്ട് 4.30 ന് നടക്കുമെന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി അറിയിച്ചു. ശിവകുമാര സ്വാമിയുടെ നിര്യാണത്തെത്തുടർന്ന് സംസ്ഥാനത്ത് മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചതായും സ്കൂളുകൾക്കും കോളേജുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ഒരു ദിവസത്തെ അവധി നൽകിയതായും കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞു.

രാമനഗര ജില്ലയിലെ വീരപുരയിൽ 1907 ഏപ്രിൽ ഒന്നിനാണ് ശിവകുമാര സ്വാമിയുടെ ജനനം. 2015 ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു. 2007 ൽ കർണാടക സർക്കാർ കർണാടക രത്ന പുരസ്കാരം നൽകി. 1965 ൽ കർണാടക സർവ്വകലാശാല ഡോക്ടറേറ്റ് നൽകി.

സിദ്ധഗംഗ മാത, ശ്രീ സിദ്ധഗംഗ എജ്യൂക്കേഷൻ സൊസൈറ്റിയുടെ അധിപനാണ്. ഇതിന്റെ കീഴിൽ 125 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook