മുംബൈ:ബിജെപി പ്രഖ്യാപിച്ച രാഷ്ട്രപതി സ്ഥാനാർത്ഥി റാംനാഥ് കോവിന്ദിന് എൻഡിഎ സഖ്യകക്ഷിയായ ശിവസേനയുടെ പിന്തുണ. പാര്‍ട്ടി തലവന്‍ ഉദ്ദവ് താക്കറെയാണ് ഇത് സംബന്ധിച്ച് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്.
രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ നിലപാട് തീരുമാനിക്കാൻ ഉന്നതതല യോഗം ചേര്‍ന്നതിന് ശേഷമാണ് ശിവസേന പിന്തുണ അറിയിച്ച് രംഗത്തെത്തിയത്. റാംനാഥ് കോവിന്ദിനെ സ്ഥാനാർഥിയായി നിശ്ചയിച്ച ശേഷമാണ് ഉദ്ധവിനെ ബിജെപി അധ്യക്ഷൻ അമിത് ഷാ ഇക്കാര്യം അറിയിച്ചതെന്നു മുതിർന്ന ശിവസേനാ നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റാവുത്ത് ഇന്നലെ പറഞ്ഞിരുന്നു.
വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ആരെങ്കിലും ദലിത് വിഭാഗത്തിൽ നിന്നുള്ളയാളെ രാഷ്ട്രപതിയാക്കിയാൽ തങ്ങൾ അവർക്കൊപ്പമുണ്ടാകില്ലെന്ന് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ അറിയിച്ചിരുന്നു. ‘അത് ഒരു രാഷ്ട്രീയ പാർട്ടിക്കു മാത്രമേ ഗുണം ചെയ്യുകയുള്ളൂ. രാജ്യത്തെ പിന്നോട്ടടിക്കും. അതേസമയം, രാജ്യത്തിന്റെ വികസനം ലക്ഷ്യമിട്ടാണ് അതെങ്കിൽ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പിന്തുണ തേടി അമിത് ഷാ ഞായറാഴ്ച ഉദ്ധവിനെ ബാന്ദ്രയിലെ വസതിയിൽ പോയി കണ്ടിരുന്നു. സ്ഥാനാർഥിയെ അറിഞ്ഞ ശേഷം തീരുമാനം അറിയിക്കാമെന്നായിരുന്നു മറുപടി.
എൻഡിഎയിലെ രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനയ്ക്ക് മഹാരാഷ്ട്രയിൽ 63 എംഎൽഎമാരും 18 ലോക്സഭാ എംപിമാരും മൂന്നു രാജ്യസഭാംഗങ്ങളുമാണുള്ളത്. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിൽ യുപിഎ സ്ഥാനാർഥികളായ പ്രതിഭ പാട്ടീലിനെയും പ്രണബ് മുഖർജിയെയുമാണു സേന പിന്തുണച്ചത്.
ബീഹാർ ഗവർണറായ രാം നാഥ് കോവിന്ദ് ആണ് രാഷ്ട്രപതി സ്ഥാനാർത്ഥി. ന്യൂഡൽഹിയിൽ ബിജെപി പാർലമെന്ററി പാർട്ടി യോഗം ചേർന്നാണ് സ്ഥാനാർത്ഥിയെ തിരഞ്ഞെടുത്തത്. യോഗത്തിന് ശേഷം ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ യാണ് രാഷ്ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.