മുംബൈ: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ശിവസേനയുടെ പിന്തുണ എന്‍ ഡി എ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിന്. യാതൊരു സമ്മര്‍ദവുമില്ലാതെയാണ് തീരുമാനമെന്നു പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ പറഞ്ഞു.
ദ്രൗപതി മുര്‍മുവിന് പിന്തുണ നല്‍കണമെന്ന് ശിവസേന എംപിമാര്‍ ഇന്നലെ നടന്ന യോഗത്തില്‍ ഉദ്ധവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സേന എംപിമാരുടെ യോഗത്തില്‍ ആരും തന്നെ സമ്മര്‍ദ്ദത്തിലാക്കിയിട്ടില്ലെന്ന് ഉദ്ധവ് പറഞ്ഞു.
പാര്‍ട്ടി നിലാപട് ഉദ്ധവ് താക്കറെ വൈകാതെ പ്രഖ്യാപിക്കുമെന്നു ശിവസേന വക്്താവ് കുറച്ചുസമയം മുന്‍പ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണു പ്രഖ്യാപനമുണ്ടായത്.
”ശരിയെന്നു തോന്നുന്നതു ശിവസേന ചെയ്യും. മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി എന്‍ ശേഷനും യു പി എ സ്ഥാനാര്‍ത്ഥികളായ പ്രതിഭാ പാട്ടീലിനും പ്രണബ് മുഖര്‍ജിക്കും ഞങ്ങള്‍ പിന്തുണ നല്‍കിയിട്ടുണ്ട്. രാഷ്ട്രീയത്തിനതീതമായി ചിന്തിക്കുന്ന പാരമ്പര്യമാണു സേനയുടേത്. ദേശീയ താല്‍പ്പര്യത്തില്‍ ആളുകളെ പിന്തുണയ്ക്കുന്നതിലാണു ഞങ്ങള്‍ വിശ്വസിക്കുന്നത്,” ശിവസേന വക്താവ് സഞ്ജയ് റാവത്ത് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
എന്‍ ഡി എ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിനു പിന്തുണ നല്‍കാന്‍ ശിവസേന തയ്യാറെടുക്കുന്നുണ്ടോയെന്ന വ്യക്തമായ ചോദ്യത്തിന്, ”ഇക്കാര്യത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ഉടന്‍ തീരുമാനം പ്രഖ്യാപിക്കും,” എന്നായിരുന്നു റാവത്തിന്റെ മറുപടി. ഇന്നോ നാളെയോ തീരുമാനം പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.
”രാഷ്ട്രപതിയാകാന്‍ സാധ്യതയുള്ള ആദ്യ ആദിവാസി വനിതയാണ് ദ്രൗപതി മുര്‍മു. മഹാരാഷ്ട്രയില്‍ ധാരാളം ഗോത്രവര്‍ഗ ജനസംഖ്യയുണ്ട്. ആദിവാസി മേഖലകളില്‍നിന്ന് ധാരാളം ശിവസൈനികരും എം എല്‍ എമാരുമുണ്ട്,” റാവത്ത് പറഞ്ഞു.
ദ്രൗപതി മുര്‍മുവിനു പിന്തുണ നല്‍കാനുള്ള തീരുമാനം തങ്ങള്‍ ബി ജെ പിയെ പിന്തുണയ്ക്കുന്നു എന്നല്ല അര്‍ഥമാക്കുന്നതെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.
”തിങ്കളാഴ്ച നടന്ന യോഗത്തിലെ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ഒരു സമ്മര്‍ദത്തിനും വഴങ്ങി അദ്ദേഹം തീരുമാനമെടുക്കില്ല. തീരുമാനമെന്തായാലും ഞങ്ങള്‍ എല്ലാവരും അംഗീകരിക്കും,” റാവത്ത് പറഞ്ഞു.
ഈ മാസം 18നാണു രാഷ്ട്രപതി തിരഞ്ഞെടുപ്പ്. പാര്‍ട്ടി വിപ്പ് പുറപ്പെടുവിക്കാത്തതിനാല്‍ എംപിമാര്‍ക്കു സ്വന്തം ഇഷ്ടപ്രകാരം വോട്ട് ചെയ്യാം. മുന്‍ മന്ത്രിയും ബി ജെ പി നേതാവുമായിരുന്ന യശ്വന്ത് സിന്‍ഹയാണു പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥി.