മുംബൈ: സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിൽ നാടകീയ രംഗങ്ങൾ തുടരുകയാണ്. സർക്കാരുണ്ടാക്കാനുള്ള ശ്രമങ്ങളുമായി ശിവസേന മുന്നോട്ട് പോവുകയാണ്. സർക്കാർ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് ശിവസേന ഇന്ന് ഗവർണറെ കാണും. നേരത്തെ സര്‍ക്കാരുണ്ടാക്കാന്‍ ശിവസേനയ്ക്ക് ഗവര്‍ണറുടെ ക്ഷണം ലഭിച്ചിരുന്നു.

ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി സർക്കാർ രൂപീകരിക്കാനില്ലെന്ന് ഗവർണറെ അറിയിച്ചതോടെയാണ് രണ്ടാമത്തെ വലിയ ഒറ്റകക്ഷിയായ ശിവസേനയെ ഗവർണർ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷമില്ലെന്ന് ഫഡ്‌നാവിസ് ഗവര്‍ണറെ അറിയിച്ചിരുന്നു. ഇന്നലെയായിരുന്നു സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഫഡ്‌നാവിസിനെ ഗവര്‍ണര്‍ ക്ഷണിച്ചത്. ശിവസേനയുമായുള്ള സഖ്യം ഉപേക്ഷിച്ചെന്നും സേനയ്ക്ക് കോണ്‍ഗ്രസും ബിജെപിയുമായി സഖ്യം രൂപീകരിക്കാമെന്നും ബിജെപി വ്യക്തമാക്കി.

Also Read: അയോധ്യ: ഭൂമി സ്വീകരിക്കുന്നതില്‍ വഖഫ് ബോര്‍ഡ് തീരുമാനം 26ന്

ബിജെപിയുമായുള്ള മുന്നണി ബന്ധം അവസാനിപ്പിച്ച് 2014ൽ ബിജെപി ചെയ്തപ്പോലെ ന്യൂനപക്ഷ സർക്കാർ രൂപീകരിച്ച് വിശ്വാസ വോട്ടെടുപ്പ് നേരിടാനാണ് ശിവസേനയുടെ നീക്കം. അതേസമയം എന്‍ഡിഎ സഖ്യം ഉപേക്ഷിക്കാതെ ശിവസേനയുമായി ചര്‍ച്ചയില്ലെന്ന് എന്‍സിപി പറഞ്ഞു.

ബിജെപി ബന്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര മന്ത്രിസ്ഥാനമുൾപ്പടെയുള്ള പദവികൾ രാജിവയ്ക്കുന്നതും ശിവസേനയുടെ പരിഗണനയിലുണ്ട്. അങ്ങനെയെങ്കിൽ ഇന്ന് തന്നെ കേന്ദ്രത്തിൽ രാജികളുണ്ടാകും. അതേസമയം ശിവസേനയുമായി സഹകരിക്കുമോയെന്ന് കോൺഗ്രസും എൻസിപിയും ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 105 സീറ്റുകളാണ് കിട്ടിയത്. സേനയ്ക്ക് 56 സീറ്റുകൾ. 288 അംഗങ്ങളുള്ള നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 145 സീറ്റുകൾ വേണം. കോൺഗ്രസിന് കിട്ടിയത് 44 സീറ്റുകളാണ്. എൻസിപിക്ക് 54 സീറ്റുകളുണ്ട്. ബഹുജൻ വികാസ് ആഖഡിയ്ക്ക് 3 സീറ്റ് കിട്ടി. മജ്‍ലിസ് ഇ-ഇത്തിഹാദുൽ മുസ്ലിമീൻ, പ്രഹർ ജനശക്തി പാർട്ടി, സമാജ്‍വാദി പാർട്ടി എന്നിവർക്ക് 2 സീറ്റുകൾ വീതം കിട്ടി. 13 സ്വതന്ത്രർ ജയിച്ചിട്ടുണ്ട്. സിപിഎമ്മടക്കം ഏഴ് പാർട്ടികൾക്ക് ഓരോ സീറ്റ് വീതവും കിട്ടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook