scorecardresearch
Latest News

പൊതുമിനിമം പരിപാടി മഹാരാഷ്ട്രയിൽ മാത്രം; പൗരത്വ ബില്ലിനെ പിന്തുണച്ചതിൽ വിശദീകരണവുമായി ശിവസേന

രാജ്യതാൽപര്യം മുൻനിർത്തിയാണ് ബില്ലിനെ അനുകൂലിച്ചതെന്ന് ശിവസേന

പൊതുമിനിമം പരിപാടി മഹാരാഷ്ട്രയിൽ മാത്രം; പൗരത്വ ബില്ലിനെ പിന്തുണച്ചതിൽ വിശദീകരണവുമായി ശിവസേന

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ശക്തമായി എതിര്‍ത്ത പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ച് ലോക്‌സഭയില്‍ ശിവസേന അംഗങ്ങള്‍. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും ശിവസേനയും സഖ്യമായാണ് ഭരിക്കുന്നത്. സഖ്യകക്ഷിയായ ശിവസേന പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ചത് കോണ്‍ഗ്രസിന് തലവേദനയായിരിക്കുകയാണ്.

അതേസമയം രാജ്യതാൽപര്യം മുൻനിർത്തിയാണ് ബില്ലിനെ അനുകൂലിച്ചതെന്ന് വ്യക്തമാക്കി ശിവസേന രംഗത്തെത്തി. എൻഡിടിവിയോടായിരുന്നു ശിവസേന എംപി അരവിന്ദ് സാവന്തിന്റെ പ്രതികരണം. പൊതുമിനിമം പരിപാടി മഹാരാഷ്ട്രയിൽ മാത്രമാണെന്നും അരവിന്ദ് സാവന്ത് വ്യക്തമാക്കി.

Also Read: പൗരത്വ ഭേദഗതി ബില്‍: അസമില്‍ പ്രതിഷേധം ശക്തം, 12 മണിക്കൂര്‍ ബന്ദ്

ബില്ലിനെ എതിര്‍ക്കുമെന്ന് ശിവസേന നേരത്തെ പറഞ്ഞിരുന്നെങ്കിലും വോട്ടിങ് ആരംഭിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാരിനെ അനുകൂലിച്ച് ശിവസേന എംപിമാര്‍ കൈ ഉയര്‍ത്തുകയായിരുന്നു. 18 ശിവസേന എംപിമാരാണ് ലോക്‌സഭയില്‍ പൗരത്വ ബില്ലിനെ അനുകൂലിച്ചത്. കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്നതിനെ അംഗീകരിക്കാമെന്നും എന്നാല്‍ അവര്‍ക്ക് അടുത്ത് 25 വര്‍ഷത്തേക്ക് വോട്ടിങ് അവകാശം നല്‍കരുതെന്നും ശിവസേന വാദിച്ചു.

രണ്ടാം മോദി മന്ത്രിസഭയിൽ മന്ത്രിയായിരുന്നു അരവിന്ദ് സാവന്ത്. മഹാരാഷ്ട്രയിൽ കോൺഗ്രസ്-എൻസിപി കൂട്ടുകെട്ടിനൊപ്പം ചേർന്ന് ശിവസേന സർക്കാർ രൂപീകരിച്ചതോടെയാണ് അരവിന്ദ് രാജിവച്ചത്.

Read Also: ലോക്‌സഭയിൽ നാടകീയ രംഗങ്ങൾ; പൗരത്വ ബില്‍ കീറിയെറിഞ്ഞ് ഒവൈസി

ഏഴ് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കിയത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെ ശക്തമായി എതിര്‍ത്തു. രാത്രി ഏറെ വൈകിയുള്ള ചര്‍ച്ചകള്‍ക്ക് ശേഷം രാത്രി 12.02 നാണ് വിവാദ ബില്‍ ലോക്‌സഭ പാസാക്കിയത്. ബില്ലിനെ അനുകൂലിച്ച് 311 പേര്‍ വോട്ട് ചെയ്തു. എതിര്‍ത്ത് വോട്ട് ചെയ്തത് 80 പേര്‍ മാത്രം. പ്രതിപക്ഷത്തിന്റെ ഭേദഗതി നിര്‍ദേശങ്ങള്‍ വോട്ടിനിട്ട് തള്ളി. ലോക്‌സഭ പാസാക്കിയ ബില്‍ ബുധനാഴ്ച രാജ്യസഭയില്‍ എത്തും. രാജ്യസഭയിലും ബില്‍ പാസാക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് ബിജെപി സര്‍ക്കാര്‍.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് ഷാ മറുപടി പറഞ്ഞു. മതത്തിന്റെ പേരില്‍ ജനങ്ങളെ വേര്‍തിരിക്കുന്നതല്ല ബില്‍ എന്നായിരുന്നു ഷാ ലോക്‌സഭയില്‍ പറഞ്ഞത്. പൗരത്വ ഭേദഗതി ബില്‍ പാസായതില്‍ സന്തോഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു. ഒന്നാം മോദി സർക്കാരിന്റെ കാലത്ത് ലോക്‌സഭയിൽ പാസായ ബില്ലിന് വൻ പ്രതിഷേധത്തെത്തുടർന്ന് രാജ്യസഭയിൽ പാസാക്കാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് വീണ്ടും ബിൽ ലോക്‌സഭയിലെത്തിയത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Shiv sena supports citizenship amendment bill in lok sabha