മുംബൈ: മുഖ്യമന്ത്രി കസേരയില്‍ ഉന്നംവച്ച് മഹാരാഷ്ട്രയില്‍ ശിവസേന. മന്ത്രിസഭാ രൂപീകരണത്തില്‍ 50-50 എന്ന പോളിസി നടപ്പിലാക്കണമെന്നാണ് ശിവസേനയുടെ ആവശ്യം. എന്നാല്‍, ശിവസേനയുടെ സമ്മര്‍ദത്തിനൊടുവില്‍ ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്നാണ് ബിജെപിയുടെ നിലപാട്. ഉപമുഖ്യമന്ത്രി സ്ഥാനം ശിവസേനയ്ക്ക് നല്‍കാമെന്ന് മഹാരാഷ്ട്രയിലെ ബിജെപി നേതൃത്വം അറിയിച്ചിട്ടുണ്ട്. എങ്കിലും മുഖ്യമന്ത്രി കസേരയ്ക്കു വേണ്ടി ശിവസേന ചരടുവലികള്‍ നടത്തുന്നതായാണ് റിപ്പോര്‍ട്ട്.

മുഖ്യമന്ത്രി സ്ഥാനം രണ്ടര വര്‍ഷം വീതമായി പങ്കിടണമെന്നാണ് ശിവസേന പറയുന്നത്. തിരഞ്ഞെടുപ്പിന് മുന്‍പ് അമിത് ഷാ ശിവസേന നേതാവ് ഉദ്ധവ് താക്കറെയ്ക്ക് ഇത് ഉറപ്പ് നല്‍കിയിരുന്നുവെന്നാണ് ശിവസേന പറയുന്നത്. 50-50 ഫോര്‍മുല സ്വീകരിച്ചില്ലെങ്കില്‍ സര്‍ക്കാരുണ്ടാക്കാന്‍ വേറെ വഴിയുണ്ടെന്നാണ് ഉദ്ധവ് താക്കറെ പറയുന്നത്.

Read Also: മുഖ്യമന്ത്രി സ്ഥാനം വേണം, 50-50 ഫോര്‍മുല നടപ്പിലാക്കണം; ഇല്ലെങ്കില്‍ വേറെ വഴിയുണ്ടെന്ന് ശിവസേന

50-50 ഫോർമുല അംഗീകരിക്കാൻ ബിജെപി തയ്യാറല്ല. ഇങ്ങനെയൊരു പോളിസിയെ കുറിച്ച് ചർച്ച ചെയ്യേണ്ട ആവശ്യം പോലുമില്ലെന്നാണ് ബിജെപി പറയുന്നത്. രണ്ട് പാർട്ടികൾക്കും ലഭിച്ച സീറ്റുകളുടെ എണ്ണം ഒരുപോലെയാണെങ്കിൽ മാത്രമാണ് 50-50 ഫോർമുലയെ കുറിച്ച് ആലോചിക്കേണ്ട ആവശ്യമുള്ളൂ എന്നാണ് ബിജെപി പറയുന്നത്.

ബിജെപിയില്‍ നിന്നും രേഖാമൂലം സമ്മതം വാങ്ങണമെന്നും ശിവസേന എംഎല്‍എമാര്‍ ആവശ്യപ്പെടുന്നുണ്ട്. ആദിത്യ താക്കറെ മുഖ്യമന്ത്രിയാകണമെന്നാണ് ശിവസേന എംഎല്‍എമാരുടെ ആവശ്യം. ആദ്യത്തെ രണ്ടര വര്‍ഷം മുഖ്യമന്ത്രി സ്ഥാനം നല്‍കണം, മന്ത്രി സഭയില്‍ അമ്പത് ശതമാനം നല്‍കണമെന്നുമാണ് ശിവസേനയുടെ ആവശ്യം.

നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബിജെപി 122 സീറ്റില്‍ നിന്നും 105 സീറ്റിലേക്ക് ചുരുങ്ങിയിരുന്നു. ഇതോടെയാണ് ശിവസേനയ്ക്ക് ബിജെപിയ്ക്ക് മുകളില്‍ മേല്‍ക്കൈ സാധ്യമായത്. പാര്‍ട്ടി സ്ഥാപിച്ചതിന് ശേഷം ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിച്ച താക്കറെ കുടുംബാംഗമാണ് ആദിത്യ. വര്‍ളിയില്‍ നിന്നും വന്‍ ഭൂരിപക്ഷത്തിലാണ് ആദിത്യയുടെ വിജയം. ആദിത്യയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തന്നെയാണ് ശിവസേന തിരഞ്ഞെടുപ്പിനെ നേരിട്ടതും. ശിവസേനയ്ക്ക് ലഭിച്ചത് 56 സീറ്റുകളാണ്.

അതേസമയം, ശിവസേന ബിജെപിയുമായി സഖ്യം ഉപേക്ഷിക്കുകയാണെങ്കില്‍ പിന്തുണയ്ക്കുന്ന കാര്യം ചിന്തിക്കാമെന്ന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം അറിയിച്ചിട്ടുണ്ട്. എന്നാല്‍ യാതൊരു കാരണവശാലും ശിവസേനയെ പിന്തുണയ്ക്കില്ലെന്നാണ് കോണ്‍ഗ്രസിന്റെ സഖ്യ കക്ഷിയായ എന്‍സിപി നേതാവ് ശരദ് പവാര്‍ വ്യക്കമാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook