ന്യൂഡൽഹി: ഗുഡ്ഗാവിലെ 500 ഇറച്ചിക്കടകൾ ശിവസേന പ്രവർത്തകർ അടപ്പിച്ചു. അമ്പതോളം വരുന്ന പാർട്ടി പ്രവർത്തകർ കടകളിലെത്തിയാണ് അടപ്പിച്ചത്. നവരാത്രിയോടനുബന്ധിച്ച് ഒമ്പത് ദിവസത്തേക്ക് കെഎഫ്സി അടക്കമുളള ഇറച്ചിക്കടകൾ തുറക്കരുതെന്നും നിർദേശം നൽകി. ഇനി മുതൽ എല്ലാ ചൊവ്വാഴ്‌ചകളിലും ഇറച്ചി കടകൾ തുറക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

സാധാരണയായി നവരാത്രി ദിവസങ്ങളിൽ വ്യാപാരികൾ കടകൾ അടക്കാറുണ്ടെന്നും എന്നാൽ കഴിഞ്ഞ പ്രാവശ്യം ചില കടകൾ അടക്കാത്തതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഇത്തരത്തിൽ അടപ്പിച്ചതെന്നുമാണ് ശിവസേനയുടെ മാധ്യമ വക്താവ് ഋതു രാജ് പറഞ്ഞത്.

നിർദേശമടങ്ങിയ നോട്ടിസ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഇറച്ചിക്കട വ്യാപാരികൾക്ക് നൽകിയിട്ടുണ്ട്. നവരാത്രി നടക്കുന്ന ഒമ്പത് ദിവസങ്ങളിൽ കടകളടച്ചിടാനാണ് നിർദേശം. കൂടാതെ തുടർന്നുളള എല്ലാ ചൊവ്വാഴ്‌കളിലും കടകൾ തുറക്കരുതെന്നുമാണ് നോട്ടിസിലുളളതെന്ന് ഋതു രാജ് പറഞ്ഞു. സമാധാനപരമായാണ് കടകൾ അടപ്പിച്ചതെന്നും ഋതു രാജ് കൂട്ടിചേർത്തു.

എന്നാൽ എതിർ ഭാഗത്തിന്റെ ശക്തിക്ക് മുന്നിൽ കടയടക്കാതെ നിർവാഹമില്ലായിരുന്നെന്നും നാളെ വ്യാപാരികൾ യോഗം ചേർന്ന് ബാക്കിയുളള കാര്യങ്ങൾ തീരുമാനിക്കുമെന്നും ഗുഡ്ഗാവിലെ പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത വ്യാപാരി പറഞ്ഞു.

പരാതി കിട്ടിയാൽ കടകൾ അടച്ചതിൽ അന്വേഷണം നടത്തുമെന്ന് പൊലീസ് കമ്മീഷണർ സന്ദീപ് കിർവാർ പറഞ്ഞു. ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ല. എന്നാൽ നിയമവിരുദ്ധമായി കടകളടപ്പിക്കുന്നത് അനുവദിക്കാനാവില്ലെന്നും പൊലീസ് കമ്മീഷണർ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ