ന്യൂഡല്‍ഹി: സവര്‍ക്കര്‍ക്ക് രാജ്യത്തെ പരമോന്നത പുരസ്‌കാരമായ ഭാരത് രത്‌ന നല്‍കണമെന്ന് ശിവസേന. ശിവസേനയുടെ മുഖപത്രമായ സാമ്‌നയില്‍ എഴുതിയ വാരാന്ത്യ കോളത്തില്‍ എംപി സഞ്ജയ് റൗട്ടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അലിഗഡ് സര്‍വ്വകലാശാലയില്‍ സ്ഥാപിച്ചിരിക്കുന്ന സവര്‍ക്കറുടെ ചിത്രം എടുത്തു മാറ്റുന്നതില്‍ ബിജെപി മൗനം പാലിക്കുന്നതിനേയും ശിവസേന ചോദ്യം ചെയ്യുന്നു.
”സര്‍വര്‍ക്കറെ എല്ലാ സര്‍ക്കാരും അവഗണിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ ഭരിക്കുന്നത് ഹിന്ദുത്വ സര്‍ക്കാരാണ്. പുതിയ ഭരണത്തില്‍ ദീന്‍ദയാല്‍ ഉപാധ്യയ്ക്ക് അംഗീകാരങ്ങള്‍ ലഭിക്കുന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ സര്‍ക്കാര്‍ ചുമരുകളില്‍ തൂക്കുന്നു. എന്നാല്‍ സവര്‍ക്കറുടെ ചിത്രങ്ങള്‍ക്ക് സ്ഥാനമില്ല. സര്‍ക്കാര്‍ സവര്‍ക്കറിന് ഭാരത രത്‌ന നല്‍കണം. അല്ലാത്ത പക്ഷം തങ്ങളുടെ ഹിന്ദുത്വം പരിമിധികളുള്ളതാണെന്ന് സമ്മതിക്കണം,” സഞ്ജയിയുടെ ലേഖനത്തില്‍ പറയുന്നു.
വലിയ തിരഞ്ഞെടുപ്പുകള്‍ നടക്കുമ്പോള്‍ പാക്കിസ്ഥാന്‍, ജിന്ന, സവര്‍ക്കര്‍ വിവാദങ്ങള്‍ ഉണ്ടാകുന്നത് വിചിത്രവും നിഗൂഢവുമാണെന്നും അദ്ദേഹം പറയുന്നു.” ഹിന്ദുത്വയുടെ പേരു പറഞ്ഞ് എല്ലായിടത്തും വിഷം പടരുകയാണ്. കോണ്‍ഗ്രസിന്റെ ഭരണകാലത്ത് മതേതരത്വത്തിന് രണ്ട് മുഖമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇരട്ട ഹിന്ദുത്വവാദികളിലൂടെ അത് വീണ്ടും ആവര്‍ത്തിക്കരുത്. 2019 ലെ തിരഞ്ഞെടുപ്പ് ജയിക്കാനായി ഹിന്ദുക്കളേയും മുസ്‌ലിമുകളേയും തമ്മിലടിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടോ ?” സഞ്ജയ് ചോദിക്കുന്നു.
അതേസമയം, ജിന്നയേയും സവര്‍ക്കറേയും താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും ഹിന്ദു രാഷ്ട്രമെന്ന ചിന്തയ്ക്കായി ഒരുപാട് ത്യജിച്ച വ്യക്തിയാണ് സവര്‍ക്കറെന്നും അദ്ദേഹം പറയുന്നു.