മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ നിര്‍ണായക നീക്കവുമായി ശിവസേന. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ കരുത്ത് തങ്ങള്‍ക്കുണ്ടെന്ന് ശിവസേന അവകാശപ്പെടുന്നു. ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ 162 എംഎല്‍എമാര്‍ സമ്മേളിക്കുന്നുണ്ടെന്നും രാത്രി ഏഴിന് അത് വന്ന് കാണണമെന്നും മഹാരാഷ്ട്ര ഗവര്‍ണറോട് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ട്വിറ്ററിലൂടെയാണ് സഞ്ജയ് റാവത്ത് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. തങ്ങള്‍ക്ക് 162 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് വ്യക്തമാക്കുകയാണ് ശിവസേന.
We are all one and together , watch our 162 together for the first time at grand Hyatt at 7 pm , come and watch yourself @maha_governor pic.twitter.com/hUSS4KoS7B
— Sanjay Raut (@rautsanjay61) November 25, 2019
മഹാരാഷ്ട്ര കേസ് ഇന്നും സുപ്രീം കോടതി പരിഗണിച്ചു. എന്നാൽ, കേസിൽ നാളെയായിരിക്കും കോടതി വിധി പറയുക. ബിജെപി-എൻസിപി സഖ്യ സർക്കാർ നിലവിൽ വന്നതിനെതിരെ ത്രികക്ഷിസഖ്യം നല്‍കിയ ഹര്‍ജികളിൽ നാളെ 10.30 ന് സുപ്രീം കോടതി വിധി പറയും. മഹാരാഷ്ട്രയിൽ എത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടാണ് ശിവസേന-എൻസിപി-കോൺഗ്രസ് പാർട്ടികൾ പരമോന്നത കോടതിയെ സമീപിച്ചത്. ഹർജികൾ പരിഗണിച്ച ജസ്റ്റിസുമാരായ എൻ.വി.രമണ, അശോക് ഭൂഷൺ, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബഞ്ച് വാദം പൂർത്തിയാക്കി ഉത്തരവ് പറയാൻ നാളത്തേക്ക് മാറ്റുകയായിരുന്നു.
Read Also: ടെലഗ്രാം ‘തലവേദന’; കാരണം വ്യക്തമാക്കി പൊലീസ് കോടതിയില്‍
സർക്കാർ രൂപീകരിക്കാൻ ശിവസേന-കോൺഗ്രസ്-എൻസിപി സഖ്യത്തിന് 154 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് കോണ്‍ഗ്രസിന് വേണ്ടി ഹാജരായ അഭിഭാഷകൻ കപില്‍ സിബല്‍ വാദിച്ചു. അജിത് പവാറിന്റെ കത്ത് ബിജെപിക്ക് പിന്തുണ നൽകിക്കൊണ്ടുള്ളതല്ലെന്നും കപിൽ സിബൽ വാദിച്ചു. രാഷ്ട്രപതി ഭരണം പിൻവലിക്കാൻ എന്ത് അടിയന്തര സാചര്യമാണ് ഉണ്ടായതെന്ന് ചോദിച്ച കപിൽ സിബൽ ശിവസേനയ്ക്ക് ബിജെപി നൽകിയ വാക്ക് പാലിച്ചില്ലെന്നും കോടതിയിൽ പറഞ്ഞു. രാഷ്ട്രപതി ഭരണം പിന്‍വലിച്ചതില്‍ ദുരൂഹതയുണ്ടെന്നും വിശ്വാസ വോട്ടെടുപ്പ് വേഗം നടത്തണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു.
54 പേരുടെ പിന്തുണ അവകാശപ്പെട്ട് അജിത് പവാര്‍ നൽകിയ കത്ത് തുഷാര്‍ മേത്ത സുപ്രീം കോടതിയിൽ വായിച്ചു. തന്നെ എൻസിപിയുടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തിട്ടുണ്ട് എന്ന അജിത് പവാറിന്റെ അവകാശവാദവും കത്തിലുണ്ട്. എംഎൽഎമാരുടെ പട്ടികയും കത്തിനൊപ്പം ഗവര്‍ണര്‍ക്ക് നൽകിയിട്ടുണ്ട്. കത്ത് നിയമപരമായും ഭരണഘടനാപരമായും നിലനിൽക്കുന്നതാണെന്നും ഞാനാണ് എൻസിപി. നിയമസഭാ കക്ഷി നേതാവ് എന്ന നിലയിലാണ് കത്ത് നൽകിയതെന്നും അജിത് പവാര്‍ കോടതിയെ അറിയിച്ചു.