സജീവ രാഷ്ട്രിയത്തിലേക്കുള്ള പ്രിയങ്ക ഗാന്ധിയുടെ കടന്നുവരവിനെ സ്വാഗതം ചെയ്ത് ശിവസേനയും. മുത്തശ്ശി ഇന്ദിര ഗാന്ധിയുടെ ഗുണങ്ങളുള്ള വ്യക്തിയാണ് പ്രിയങ്കയെന്നും അവരുടെ നല്ല വ്യക്​തിത്വം കോൺഗ്രസിന്​ ഗുണം ചെയ്യുമെന്നും ശിവ സേന വക്​താവ്​ മനിഷ കയന്ദെ വാർത്ത ഏജൻസിയായ പിടിഐയോട് പറഞ്ഞു.

“മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രതിരൂപമായാണ്​ പ്രിയങ്കയെ ജനങ്ങൾ കാണുന്നത്​. പ്രിയങ്ക സ്വയം അവതരിപ്പിക്കുന്ന രീതിയും, വോട്ടർമാരുമായി ബന്ധമുണ്ടാക്കാനുള്ള അവരുടെ കഴിവും​, നല്ല വ്യക്​തിത്വവും കോൺഗ്രസിന് ഗുണം ചെയ്യും. വരുന്ന ലോക്​സഭാ തെരഞ്ഞെടുപ്പിൽ വോട്ടു​ചെയ്യാനെത്തു​മ്പോൾ ജനങ്ങളുടെ മനസിൽ പ്രിയങ്കക്ക് ഇന്ദിരയുടെ രൂപമായിരിക്കും,” മനിഷ കയന്ദെ പറഞ്ഞു.

ഭരണകക്ഷിയായ ബിജെപിയുടെ പ്രധാന സഖ്യകക്ഷികളിൽ ഒന്നാണ് ശിവസേന. എന്നാൽ 2014 ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം സഖ്യത്തിൽ വലിയ വിള്ളലാണ് വീണത്. മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കാണ് ഇരു പാർട്ടികളും മത്സരിച്ചത്. ബിജെപി കൂടുതൽ സീറ്റുകൾ നേടിയെങ്കിലും സർക്കാർ രൂപികരിക്കാനുള്ള ഭൂരിപക്ഷം ഇല്ലാതെ വന്നതോടെ വീണ്ടും ശിവസേനയുമായി കൈകോർത്തു.

എങ്കിലും ദേശീയ തലത്തിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള ശിവസേന വക്താവിന്റെ പ്രതികരണം. ബിജെപി നേതൃത്വത്തെ കൂടുതൽ സമ്മർദ്ദത്തിലാക്കുകയാണ് ഇതുവഴി ശിവസേന.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ